സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചില സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്നും ഹൈക്കോടതി ഇടപെടലിനെത്തുടർന്നും സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തിയാണ് നിരക്കുകൾക്ക് അന്തിമ രൂപം നൽകിയത്.

കാസ്പ് പദ്ധതിയിൽ ഉൾപ്പെടുന്നവർക്കും സർക്കാർ റഫർ ചെയ്യുന്ന രോഗികൾക്കും സൗജന്യമായാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ എംപാനൽ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കി വരുന്നത്. ഇതിന്റെ നിരക്കുകൾ സർക്കാർ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഇതിന് പുറമേ സ്വകാര്യ ആശുപത്രികളിൽ നേരിട്ടെത്തുന്ന കോവിഡ് രോഗികൾക്കുള്ള ചികിത്സാ നിരക്കാണ് നിശ്ചയിച്ചത്.

എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികൾക്കും അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളേയും തരംതിരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിലെ ജനറൽ വാർഡ് 2645 രൂപ, എച്ച്.ഡി.യു. 3795 രൂപ, ഐ.സി.യു. 7800 രൂപ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഐ.സി.യു. 13,800 രൂപ എന്നിങ്ങനേയാണ് നിരക്കുകൾ. എൻ.എ.ബി.എച്ച്. അക്രഡിറ്റേഷനുള്ള ആശുപത്രികളിലെ ജനറൽ വാർഡ് 2910 രൂപ, എച്ച്.ഡി.യു. 4175 രൂപ, ഐ.സി.യു. 8580 രൂപ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഐ.സി.യു. 15,180 എന്നിങ്ങനേയാണ് നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്.
രജിസ്‌ട്രേഷൻ ചാർജ്, ബെഡ് ചാർജുകൾ, നഴ്‌സിംഗ് ആന്റ് ബോർഡിംഗ് ചാർജുകൾ, ശസ്ത്രക്രിയാ വിദഗ്ധർ, അനസ്‌തെറ്റിസ്റ്റുകൾ, മെഡിക്കൽ പ്രാക്ടീഷണർ, കൺസൾട്ടന്റ് ചാർജുകൾ, അനസ്‌തേഷ്യ, ബ്ലഡ് ട്രാൻഫ്യൂഷൻ, ഓക്‌സിജൻ, മരുന്നുകൾ, അത്യാവശ്യ പരിശോധനകളായ എക്‌സ്‌റേ, യു.എസ്.ജി., ഹെമറ്റോളജി, പാത്തോളജി, പ്രീ ആന്റ് പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ എന്നിവ ഉൾപ്പെടെയാണ് ഈ നിരക്കുകൾ.

ഹൈ എൻഡ് പരിശോധനകളായ സി.ടി. ചെസ്റ്റ്/ എച്ച്.ആർ.സി.ടി. ചെസ്റ്റ്, എന്നിവയെയും റെംഡെസിവിർ, ടൊസിലിസ്മാബ് തുടങ്ങിയ വിലകൂടിയ മരുന്നുകളെയും പി പി ഇ കിറ്റിനെയും പ്രതിദിന നിരക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവയ്ക്ക് എം.ആർ.പി.യിൽ അധികരിക്കാതെയുള്ള തുക മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്ന കർശന വ്യവസ്ഥയുണ്ട്. ഒരുദിവസം ജനറൽ വാർഡിൽ രണ്ട് പി.പി.ഇ. കിറ്റുകൾക്കും ഐ.സി.യു.വിൽ 5 പി.പി.ഇ. കിറ്റുകൾക്കും തുക ഈടാക്കും.

പി.പി.ഇ. കിറ്റ്, പൾസ് ഓക്‌സിമീറ്റർ, മാസ്‌കുകൾ, പോർട്ടബിൾ ഓക്‌സിജൻ സിലിണ്ടറുകൾ എന്നിവയ്ക്ക് അമിതവില ഈടാക്കാൻ പാടില്ല. അത്തരക്കാർക്കെതിരെ ജില്ലാ കളക്ടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം എല്ലാ ആശുപത്രികളും രോഗികളിൽ നിന്നും ഈടാക്കുന്ന നിരക്കുകൾ ആശുപത്രിയിയ്ക്കകത്തും അവരുടെ സ്വന്തം വെബ് സൈറ്റിലും പ്രദർശിപ്പിക്കണം. ഈ വെബ്‌സൈറ്റ് കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റേറ്റ് കൗൺസിലിന്റെ വെബ്‌സൈറ്റുമായി ലിങ്ക് ചെയ്യണം. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ഓഫീസർ പരാതികൾ സ്വീകരിച്ച് നടപടികൾ സ്വീകരിക്കും. ഏതെങ്കിലും ആശുപത്രി നിശ്ചയിക്കപ്പെട്ട നിരക്കിനേക്കാൾ കൂടുതൽ ഈടാക്കുന്നതായി കണ്ടെത്തിയാൽ അവരിൽ നിന്നും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ പത്തിരട്ടി പിഴ ഈടാക്കും. ഇതിന് പുറമേ 2005ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട്, 2021ലെ കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ് തുടങ്ങിയ നിയമപ്രകാരം ജില്ലാ കളക്ടർമാർ തുടർ നടപടികൾ സ്വീകരിക്കും.

കോവിഡ് ചികിത്സയ്ക്കായി എത്തുന്ന രോഗികളെ എല്ലാ സ്വകാര്യ ആശുപത്രികളും അഡ്മിഷൻ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ച് ഉടൻതന്നെ പ്രവേശിപ്പിക്കണം. പ്രവേശന സമയത്ത് ചികിത്സാ ഫീസിനത്തിൽ അഡ്വാൻസായി തുക ഈടാക്കരുത്. കോവിഡ് മാനേജ്‌മെന്റിനായി സർക്കാർ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സർക്കുലറുകളും മാർഗ നിർദേശങ്ങളും മുഴുവൻ സ്വകാര്യ ആശുപത്രികളും കർശനമായി പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *