പന്തളം തെക്കേക്കരയില്‍ സിഎഫ്എല്‍ടിസി പ്രവര്‍ത്തനം ആരംഭിച്ചു

പന്തളം തെക്കേക്കരയില്‍ സിഎഫ്എല്‍ടിസി
പ്രവര്‍ത്തനം ആരംഭിച്ചു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പന്തളം തെക്കേക്കര പഞ്ചായത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ(സിഎഫ്എല്‍ടിസി) പ്രവര്‍ത്തനം ആരംഭിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. രണ്ടാം ഘട്ട കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിറ്റയം ഗോപകുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പഞ്ചായത്തില്‍ നിലവില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും വിശകലനം നടത്തി.
എല്ലാ വാര്‍ഡുകളിലും കോവിഡ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനവും ശക്തമായി നടന്നുവരുന്നു. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ 50 വീടുകള്‍ ചേര്‍ന്നുള്ള ക്ലസ്റ്റര്‍ രൂപീകരിക്കുകയും അവിടെ പ്രത്യേകമായ വോളന്റിയേഴ്‌സിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സിഎഫ്എല്‍ടിസി യില്‍ നിലവില്‍ ഒമ്പത് പേരെ ആണ് അഡ്മിറ്റ് ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ഹോം ഐസലേഷനില്‍ 75 പേരും ഉണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ രണ്ട് ടാക്‌സി, മൂന്ന് ഓട്ടോറിക്ഷ, ഒരിപ്പുറം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ സ്‌കൂള്‍ ബസ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ആയുര്‍വേദം, ഹോമിയോപ്പതി വകുപ്പുകളുടെ പ്രതിരോധ കിറ്റുകളും, മരുന്നുകളും വിതരണം ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ഡ് തല ജാഗ്രതാസമിതി ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ഡ് മെമ്പര്‍, ജനമൈത്രി പോലീസ്, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെ കോ ഓര്‍ഡിനേഷന്‍ ശക്തമാക്കുന്നതിനും യോഗം തീരുമാനമെടുത്തു. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് പോലീസ് അടിയന്തരമായി ശ്രദ്ധപുലര്‍ത്തണമെന്നും നിശ്ചയിച്ചു. ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണത്തിന്റെ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് പഞ്ചായത്ത് മുന്‍കൈയെടുത്ത് ചെയ്യുന്നുണ്ട്. അതോടൊപ്പം ഓക്‌സിമീറ്റര്‍ ഓരോ വാര്‍ഡിലും നാലെണ്ണം വീതം നല്‍കാനും തീരുമാനിച്ചു.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷനായ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം വിദ്യാധര പണിക്കര്‍, മെഡിക്കല്‍ ഓഫീസര്‍ ശ്യാമപ്രസാദ്, സെക്രട്ടറി അംബിക, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയരാജ്, കൊടുമണ്‍ സിഐ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *