കോവിഡ് രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ നടപടി കൂടുതല്‍ കര്‍ശനമാക്കി
കോന്നി വാര്‍ത്ത ഡോട്ട് കോം : ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അത്തരം സ്ഥലങ്ങളില്‍ യാത്രകള്‍ നിയന്ത്രിക്കാന്‍ വഴികള്‍ അടച്ച് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തി.
മെഡിക്കല്‍ ഷോപ്പുകള്‍, റേഷന്‍ കടകള്‍, പമ്പുകള്‍ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ടു വരെയാക്കി പരിമിതപ്പെടുത്തി. പ്രഭാത സായാഹ്ന നടത്തകള്‍ നിരോധിച്ചു. വാര്‍ഡ്തല ജാഗ്രതസമിതികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.
ലോക്ക്ഡൗണ്‍: പോലീസ് നടപടി
കടുപ്പിച്ചപ്പോള്‍ ലംഘനങ്ങള്‍ കുറഞ്ഞു
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ, നിരത്തുകളില്‍ പരിശോധനകളും നടപടികളും ശക്തമായും വിട്ടുവീഴ്ചയില്ലാതെയും നടപ്പാക്കുന്നതിനാല്‍ ലംഘനങ്ങള്‍ക്ക് കുറവുണ്ടായതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 170 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. 169 പേരെ അറസ്റ്റ് ചെയ്തു. 14 വാഹനങ്ങള്‍ പിടിച്ചെടുത്തു, നിബന്ധനകള്‍ ലംഘിച്ച മൂന്നു കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
വീടുകളിലെ ക്വാറന്റീന്‍ ലംഘിച്ചതിന് ഒരു കേസെടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 788 പേര്‍ക്കെതിരെയും സാമൂഹിക അകലം ലംഘിച്ചതിന് 327 ആളുകള്‍ക്കെതിരെയും പെറ്റികേസ് എടുക്കുകയോ നോട്ടീസ് നല്‍കുകയോ ചെയ്തതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നേരിട്ടിറങ്ങി പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുകയും ബോധവല്‍ക്കരണത്തിന് മുന്‍കൈയെടുക്കുകയും ചെയ്ത ജില്ലാ പോലീസ് മേധാവി, നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കുകയും ചെയ്തു. ഡ്യൂട്ടിയിലുള്ളവരെല്ലാം നിര്‍ബന്ധമായും പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കണമെന്നും ആളുകളുമായി ഇടപഴകുമ്പോള്‍ രണ്ടു മീറ്റര്‍ അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ എടുക്കുകയും സ്വന്തം സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചു.
ആളുകള്‍ അനാവശ്യയാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും അത്യാവശ്യ യാത്രകള്‍ നടത്തുന്നവര്‍ നിര്‍ബന്ധമായും ഇരട്ടമാസ്‌ക് ധരിക്കണമെന്നും നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ആവശ്യപ്പെട്ടു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത് നിയമനടപടി കൈക്കൊള്ളും. പോലീസ് സ്റ്റേഷനുകളുടെയും, ജില്ലയുടെയും അതിര്‍ത്തികളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പോലീസ് പരിശോധനയാണു തുടരുന്നത്. നഗരങ്ങളിലെപ്പോലെ ഗ്രാമങ്ങളിലും പോലീസ് പട്രോളിംഗ് തുടര്‍ന്നുവരുന്നതായും ക്വാറന്റീനിലുള്ളവരെ നിരീക്ഷിക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോലീസ് വാളന്റിയര്‍മാരും കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടുവരുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. അവശ്യമരുന്നുകളും മറ്റും എത്തിക്കുന്നതിലും ഓണ്‍ലൈന്‍ പഠനത്തില്‍ ഏര്‍പ്പെട്ട കുട്ടികളിലെ സമ്മര്‍ദങ്ങള്‍ ഒഴിവാക്കുന്നതിന് ചിരി പദ്ധതിയിലൂടെ കൗണ്‍സിലിംഗ് നടത്തുന്നതിലും മറ്റും ജില്ലയിലെ പോലീസ് സേവനസന്നദ്ധമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.