അതിതീവ്ര മഴ: പത്തനംതിട്ട ജില്ലയില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ) കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (14/05/2021 ) റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. റെഡ് അലേർട്ട് എന്നത് ഏറ്റവും ഉയർന്ന അലേർട്ട് ആണ്. ആയതിനാൽ എല്ലാ വിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അതീവ ജാഗ്രത പാലിക്കണം.
2021 മെയ് 14 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (14) റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വ്യപകമായി ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ട്. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്നത് മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കുക.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ:
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്
ന്യൂനമർദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്.