പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാമൊഴിച്ച് മറ്റുള്ളവ തുറക്കേണ്ട സാഹചര്യമില്ല

പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാമൊഴിച്ച് മറ്റുള്ളവ തുറക്കേണ്ട സാഹചര്യമില്ല: ജില്ലാ കളക്ടര്‍

ജനങ്ങള്‍ ജാഗ്രത പാലിക്കണം

പത്തനംതിട്ട ജില്ലയില്‍ മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ എല്ലാ വകുപ്പ്തല ഉദ്യോഗസ്ഥരും ജാഗരൂകരായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പൊതുജനങ്ങള്‍ ശ്രദ്ധയോടെ ഇരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം ജില്ലയിലെ ഡാമുകളില്‍ മൂഴിയാര്‍ ഡാമൊഴിച്ച് മറ്റുള്ളവ നിലവില്‍ തുറക്കേണ്ട സാഹചര്യമില്ല.

മഴ ശക്തമായി തുടരുകയാണെങ്കില്‍ വൈകിട്ടോടെ മൂഴിയാര്‍ ഡാം തുറന്നേക്കും. വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് കാണപ്പെട്ടതിനേ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. നദികളുടെ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജീകരണങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒരുക്കുവാനും യോഗത്തില്‍ കളക്ടര്‍ നിര്‍ദേശിച്ചു.

കോവിഡ് രോഗികള്‍, രോഗലക്ഷണമുള്ളവര്‍, മറ്റുള്ളവര്‍ എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകളെ മാറ്റേണ്ടത്. ക്യാമ്പുകളില്‍ എത്തുന്നവരുടെ താപനില, രോഗലക്ഷണങ്ങള്‍ തുടങ്ങിയവ അതാത് മെഡിക്കല്‍ ഓഫീസര്‍മാരുടെ നിര്‍ദേശപ്രകാരം പരിശോധിക്കണം.

വാക്‌സിനേഷന് ഒപ്പം കോവിഡ് പരിശോധനയും വര്‍ധിപ്പിക്കണം. ഗ്രാമ പഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി.

ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, അടൂര്‍ ആര്‍ഡിഒ എസ്.ഹരികുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡിഎഫ്ഒ കെ.ഹരികുമാര്‍, ഡിഎസ്ഒ, ഡിഡിപി, ജോയിന്റ് ആര്‍ടിഒ, തഹസീല്‍ദാര്‍മാര്‍,ഡാം സേഫ്റ്റി എന്നീ പ്രതിനിധികള്‍, നഗരസഭ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *