ലോക്ക്ഡൗണ്‍: നിര്‍ദേശങ്ങള്‍ പാലിക്കണം

ലോക്ക്ഡൗണ്‍: നിര്‍ദേശങ്ങള്‍ പാലിക്കണം

മഴയും തണുത്ത അന്തരീക്ഷവും കൊറോണ വൈറസിന് അനുകൂല സാഹചര്യമാകയാല്‍, രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. നിയന്ത്രണങ്ങളില്‍ ചില ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പോലീസ് പരിശോധന കാര്യക്ഷമമായി തുടരും. ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കും.

പ്ലംബിംഗ്, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ അടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് ആറു വരെ തുറക്കാനും, റബര്‍ സംഭരണ കേന്ദ്രങ്ങള്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയത് ഉള്‍പ്പെടെ ഇളവുകള്‍ക്ക് അനുസരിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

അനാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങി കറങ്ങി നടക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി തുടരും. കഴിഞ്ഞ മൂന്നു ദിവസമായി ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ 199 കേസുകളിലായി 182 പേരെ അറസ്റ്റ് ചെയ്തു. അഞ്ചു വാഹനങ്ങള്‍ പിടിച്ചെടുത്തു. അഞ്ചു കടകള്‍ക്കെതിരെ നടപടി എടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് ഈ ദിവസങ്ങളിലായി അഞ്ചു കേസുകള്‍ എടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 1291 പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 398 ആളുകള്‍ക്കുമെതിരെയും നോട്ടീസ് നല്‍കുകയോ പെറ്റികേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തു.

ശനിയാഴ്ച (15) ഉച്ചവരെ പോലീസ് ഇ-പാസിനായി ലഭിച്ചത് 26266 അപേക്ഷകളെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. അര്‍ഹരെന്ന് കണ്ടെത്തിയ 5373 അപേക്ഷകര്‍ക്ക് പാസ് അനുവദിച്ചു. 20881 അപേക്ഷകളും അനുമതി നല്‍കാതെ തള്ളിക്കളഞ്ഞു. പരിഗണനയിലുള്ളത് 12 അപേക്ഷകള്‍ മാത്രം. ആര്‍ക്കൊക്കെയാണ് ഇ പാസ് വേണ്ടതെന്ന് കൃത്യമായി മനസിലാക്കാതെ ആളുകള്‍ അപേക്ഷിക്കരുതെന്നും, അര്‍ഹര്‍ക്കുമാത്രമേ അത് അനുവദിക്കുകയുള്ളൂവെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *