മഴക്കെടുതി: കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു
രണ്ടുദിവസത്തിനിടെ 3.87 കോടി രൂപയുടെ കൃഷിനാശം
പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും കര്‍ഷകര്‍ക്ക് കൃഷി നാശം സംഭവിച്ചത് കണക്കിലെടുത്ത് കര്‍ഷകരെ സഹായിക്കുന്നതിനായി കൃഷി വകുപ്പ് പ്രത്യേകം ജില്ലാ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി ഉണ്ടായ മഴക്കെടുതിയില്‍ 1400 കര്‍ഷകരുടെ 133 ഹെക്ടറിലെ കൃഷിക്ക് നാശം സംഭവിച്ചതായാണ് കണക്കാക്കിയിരിക്കുന്നത്. പന്തളം, കുളനട, കടപ്ര, കവിയൂര്‍ പഞ്ചായത്തുകളിലെ കൊയ്ത്തിനു പാകമായ 88 ഹെക്ടര്‍ നെല്‍ കൃഷി പൂര്‍ണ്ണമായും വെള്ളം കയറിക്കിടക്കുന്ന നിലയിലാണ്. കൂടാതെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി കുലച്ചതും, കുലയ്ക്കാത്തതുമായ മുപ്പത്തി രണ്ടായിരത്തിലധികം വാഴ, നാലായിരത്തില്‍പ്പരം റബ്ബര്‍ മരങ്ങള്‍, ഏഴു ഹെക്ടര്‍ വെറ്റില കൃഷി ഒരു ഹെക്ടര്‍ മരച്ചീനി, മറ്റ് വിളകള്‍ എന്നിവ നഷ്ടപ്പെട്ടത് ഉള്‍പ്പെടെ ഏകദേശം 387 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം സംഭവിച്ചതായി വിലയിരുത്തി. മഴക്കെടുതിയുമായി ബന്ധപ്പെട്ട് കര്‍ഷകരെ സഹായിക്കുന്നതിനായി ജില്ലയില്‍ കൃഷി വകുപ്പ് പ്രത്യേകം കണ്‍ട്രോള്‍ റൂം സജ്ജമാക്കിയതായും കര്‍ഷകര്‍ക്ക് കണ്‍ട്രോള്‍ റൂം സഹായം ഉറപ്പുവരുത്തിയതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിലാ മാത്യു അറിയിച്ചു. കര്‍ഷകര്‍ ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പറുകള്‍ : 9495734107, 9383470504.
പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ 18 മുതല്‍
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ മേയ് 18 മുതല്‍ നടത്തും. 18 ന് ഫലവൃക്ഷ തോട്ട നിര്‍മ്മാണവും ശാസ്ത്രീയ പരിചരണ മുറകളും, 19 ന് ശാസ്ത്രീയ മുട്ടക്കോഴി പരിപാലനം, 20 ന് ചെറുതേനീച്ച വളര്‍ത്തല്‍, 21 ന് അക്വാപോണിക്സ്, 22 ന് ശാസ്ത്രീയ തെങ്ങുകൃഷി എന്നീ വിഷയങ്ങളിലാണ് പരിശീലനം.
പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ അതാതുദിവസങ്ങളില്‍ രാവിലെ 11 മണിക്ക് meet.google.com/dpq-ykor-opd എന്ന ഗൂഗിള്‍ മീറ്റ് ലിങ്കിലൂടെ പരിശീലനത്തില്‍ പ്രവേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094 എന്ന് ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.