പത്തനംതിട്ട ബാങ്കില്‍ നിന്നും 8 കോടി തട്ടിയെടുത്ത ബാങ്ക് ജീവനകാരന്‍ പിടിയില്‍
പഴയ കാനറ ( സിൻഡിക്കേറ്റ് ) ബാങ്കിൽ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വർഗീസ് ആണ് പിടിയിലായത്. ഇയാളെ ബംഗളൂരുവിൽ സ്വന്തം വാടക വീട്ടില്‍ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. പ്രതിയ്‌ക്കൊപ്പം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. പ്രതി ബംഗളൂരുവിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച പത്തനംതിട്ട പോലീസ് അവിടെ എത്തി ബംഗളൂരു പോലീസിന്‍റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്തു . കൊച്ചിയില്‍ വാടക വീട് എടുക്കാന്‍ ആയിരുന്നു പ്രതി ആദ്യം ശ്രമിച്ചത് . പിന്നീട് കാര്‍ സുഹൃത്തിന്‍റെഫ്ലാറ്റില്‍ ഇട്ടിട്ടു ബംഗളൂരുവിലേക്ക് കടന്നു . ലോക്ക് ഡൌണ്‍ സുരക്ഷ വെട്ടിച്ചു പ്രതി എങ്ങനെ ബംഗളൂരുവിൽ എത്തി എന്നത് ദുരൂഹമാണ് .
പത്തനംതിട്ട കാനറ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയിൽ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതർ പരിശോധന ആരംഭിച്ചത്. ഫെബ്രുവരി മുതൽ വിജീഷ് കുടുംബാംഗങ്ങൾക്കൊപ്പം ഒളിവിലായിരുന്നു. ഇയാളെ പത്തനംതിട്ടയിൽ എത്തിക്കും.