കോവിഡ് ചികിത്സ: പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കോവിഡ് ചികിത്സ: പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കോവിഡ് 19 കാലഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട കര്‍ശന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പുറപ്പെടുവിച്ചു. പത്തനംതിട്ട ജില്ലയിലെ എല്ലാ ആശുപത്രികളും കോവിഡ് കാലത്ത് ധാര്‍മ്മികതയോടെ പെരുമാറാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാ സ്വകാര്യ ആശുപത്രികളും മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ ഭരണ കേന്ദ്രത്തോട് സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

ഓക്‌സിജന്‍ ഉപയോഗം കുറയ്ക്കുന്നതിന് ഓക്‌സിജന്‍ ആവശ്യമായ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമേ ചെയ്യാവൂ. ഗുരുതരമല്ലാത്ത, മുന്‍കൂര്‍ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ ഒഴിവാക്കണം.
ഓക്‌സിജന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാന്‍ ആശുപത്രി തലത്തില്‍ ഓക്‌സിജന്‍ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കണം. ഓഡിറ്റ് കമ്മിറ്റി തയ്യാറാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ജില്ലാ ഓക്‌സിജന്‍ വാര്‍ റൂമിനും ജില്ലാ മെഡിക്കല്‍ ഓഫീസിനും അയയ്ക്കണം.
ഓക്‌സിജന്‍ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ മെയ്ന്റനന്‍സ് ഉറപ്പു വരുത്തണം. ഓക്‌സിജന്റെ ചോര്‍ച്ച ഉണ്ടാകുന്നില്ല എന്നും ഉറപ്പാക്കണം. എല്ലാ ആശുപത്രികളും ഓക്‌സിജന്‍ ഉപയോഗം യുക്തിസഹമാക്കണം.

ആശുപത്രിയില്‍ ബെഡുകള്‍ ഒഴിവുണ്ടെങ്കില്‍ രോഗികള്‍ക്ക് പ്രവേശനം നിഷേധിക്കരുത്. ഒരു രോഗിയുടെ പ്രവേശനം നിഷേധിക്കുകയാണെങ്കില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ആ രോഗിയുടെ പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് രേഖ സൂക്ഷിക്കണം. ആശുപത്രികളുടെ സുരക്ഷാ നിലവാരം പരിശോധിക്കുന്നതിനായി ദ്രുത സുരക്ഷാ ഓഡിറ്റ് ടീമുകള്‍ (ആര്‍എസ്എടി) ക്രമരഹിതമായി പരിശോധന നടത്തും. ദ്രുത സുരക്ഷാ ഓഡിറ്റ് ടീമുകളുമായി സഹകരിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ഒരു നോഡല്‍ ഓഫീസറിനെ ആശുപത്രികള്‍ നിയമിക്കണം.

കോവിഡ് വ്യാപനം: ജനങ്ങള്‍ ജാഗ്രത
തുടരണമെന്ന് ജില്ലാ കളക്ടര്‍

പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗവ്യാപനം ഉള്ളതിനാല്‍ പ്രതിരോധത്തില്‍ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ ഐസിയു കിടക്കകളുടെ എണ്ണം കുറവാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ അവസ്ഥ സങ്കീര്‍ണ്ണമാകും. രോഗവ്യാപനം വലിയ രീതിയില്‍ കുറഞ്ഞിട്ടില്ലെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

റോഡ് പണികള്‍ക്കായി എത്തിയിട്ടുള്ള അതിഥി തൊഴിലാളികളില്‍ രോഗവ്യാപനം കാണുന്നുണ്ട്. പ്രമാടം, കോന്നി, റാന്നി, തിരുവല്ല എന്നിവിടങ്ങളിലായാണ് വ്യാപനം കണ്ടു വരുന്നത്. നഗരങ്ങളിലും ജംഗ്ഷനുകളിലും ആള്‍ക്കൂട്ടം കാണപ്പെടുന്നതിനാല്‍ പോലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിക്കും തിരക്കും കൂട്ടരുത്. രോഗവ്യാപനം കുറയ്ക്കുക എന്നതാണ് ജില്ലാ ഭരണകേന്ദ്രത്തിന്റെ ലക്ഷ്യമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അഡീഷണല്‍ എസ്പി എന്‍. രാജന്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ് നന്ദിനി, ഡിഡിപി, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *