പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന്

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇരുപതാം തീയതി വ്യാഴാഴ്ച പകൽ മൂന്നര മണിക്ക് നടക്കും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കുന്ന പൊതുവേദിയിൽ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുക.

അമ്പതിനായിരത്തിലേറെ പേർക്ക് ഇരിക്കാവുന്ന ഇടമാണ് സെൻട്രൽ സ്റ്റേഡിയം. എന്നാൽ, ഇതിന്റെ നൂറിലൊന്നുപേരുടെ മാത്രം, അതായത് ഏകദേശം അഞ്ഞൂറുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്.

കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക്, ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 2.45ന് മുമ്പായി സ്റ്റേഡിയത്തിൽ എത്തിച്ചേരേണ്ടതും 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർടിപിസിആർ, ട്രൂനാറ്റ്, ആർടി ലാമ്പ് നെഗറ്റീവ് റിസൾട്ടോ, ആൻറിജൻ നെഗറ്റീവ്/ രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ കൈവശം വെക്കേണ്ടതുണ്ട്. നിയുക്ത എൽഎൽഎമാർക്ക് ആർടിപിസിആർ ടെസ്റ്റിനുള്ള സൗകര്യം എംഎൽഎ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്സ് ഒന്നിലും എർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്സ് 1, പ്രസ്സ് ക്ലബ് എന്നിവയ്ക്കു എതിർവശത്തുള്ള ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ക്ഷണക്കത്തിനോടൊപ്പം ഗേറ്റ്പാസും വെച്ചിട്ടുണ്ട്. കാർ പാർക്കിങ് സൗകര്യം സെക്രട്ടറിയേറ്റ് മെയിൻ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്സ് 2, കേരള യൂണിവേഴ്സിറ്റി കാമ്പസ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർ ചടങ്ങിൽ ഉടനീളം നിർബന്ധമായും ഡബിൾ മാസ്‌ക് ധരിക്കേണ്ടതും കോവിഡ് 19 പ്രോട്ടോകോൾ കർശനമായി പാലിക്കണം. പ്രത്യേക കാർ പാസുള്ളവർക്ക് മറ്റു പാസുകൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *