അടിയന്തര ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പോലീസ് സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. മാധ്യമപ്രവര്‍ത്തകര്‍ക്ക് ജില്ലവിട്ടുള്ള യാത്രകള്‍ക്കും പോലീസ് പാസ് വേണ്ടതില്ല. സ്ഥാപനം നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ്, പ്രസ് ക്ലബ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് എല്ലാ പോലീസുദ്യോഗാരെയും അറിയിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം തുടങ്ങിയതുമുതല്‍ ഈമാസം 18 വരെ ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് എടുത്തത് ആകെ 27874 കേസുകളാണ്. ആകെ പ്രതികള്‍ 32389. ആകെ അറസ്റ്റ് 29054. ഈ കാലയളവില്‍ 14766 വാഹനങ്ങള്‍ പിടിച്ചെടുത്ത് നിയമ നടപടികള്‍ സ്വീകരിച്ചു.
ലോക്ക് ഡൗണില്‍ ചൊവാഴ്ച വരെ രജിസ്റ്റര്‍ ചെയ്ത കോവിഡ് പ്രോട്ടോകോള്‍ ലംഘന കേസുകള്‍ 836 ആണ്. ആകെ 920 പ്രതികളില്‍ 821 പേരെ അറസ്റ്റ് ചെയ്യുകയും 41 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. നിബന്ധനകള്‍ ലംഘിച്ചതിന് 39 കടകള്‍ക്കെതിരെ നടപടിയെടുത്തു.
മാസ്‌ക് ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ എന്നിവയില്‍ വീഴ്ച വരുത്തിയതിന് യഥാക്രമം 4028, 1445 എന്നിങ്ങനെ ആളുകള്‍ക്കെതിരെ പെറ്റി കേസ് ചാര്‍ജ് ചെയ്യുകയോ നോട്ടീസ് നല്‍കുകയോ ചെയ്തതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.
ബുധനാഴ്ച ഉച്ചവരെ ജില്ലയില്‍ ആകെ ലഭിച്ച ഇ പാസ് അപേക്ഷകള്‍ 34,482 ആണ്. അതില്‍ 27,294 അപേക്ഷകളും തള്ളി. പാസ് അനുവദിച്ചത് 7172 അപേക്ഷകളില്‍ മാത്രമാണ്. 16 എണ്ണം പരിഗണയിലാണെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയും സേവനങ്ങള്‍ ഉറപ്പാക്കിയും പോലീസ്
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 വ്യാപനകാലം മുതല്‍ പ്രോട്ടോകോള്‍ നിബന്ധനകള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം വിവിധ സേവനങ്ങളും സഹായങ്ങളും ഉറപ്പാക്കിവരികയുമാണ് പോലീസ്. പത്തനംതിട്ട ജില്ലയിലെ ഭൂരിപക്ഷം പോലീസുദ്യോഗസ്ഥരെയും നിരത്തിലിറക്കി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ജനങ്ങള്‍ക്കാവശ്യമായ അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കിവരികയും ചെയ്യുന്നു. ഇതിനായി ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയ പോലീസ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വരുന്നതായി ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു.
ഭക്ഷ്യവസ്തുക്കള്‍, അവശ്യമരുന്നുകള്‍, വാഹന സൗകര്യങ്ങള്‍ തുടങ്ങിയുള്ള സേവനങ്ങള്‍ പോലീസ് ലഭ്യമാക്കുന്നു. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങള്‍ക്കും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നു. പ്രോട്ടോകോള്‍, ക്വാറന്റൈന്‍ ലംഘനങ്ങള്‍ കണ്ടെത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നു. വനിതാ പോലീസ് ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥരെ ക്വാറന്റൈന്‍ ലംഘനങ്ങളും മറ്റും കണ്ടെത്താന്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും വനിതാ പോലീസിനെ നിയോഗിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.