കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റിന് അനുമതി ലഭിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ദ്രവീകൃത ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റിനാണ് അനുമതി ലഭിച്ചത്.
പ്ലാന്റ് നിര്‍മാണത്തിനായി 1.60 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങി. പിഎസ്എ ടെക്‌നോളജി ഉപയോഗിച്ചാവും പ്ലാന്റ് പ്രവര്‍ത്തിക്കുക.
കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് കോന്നിയില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റ് അനുവദിച്ചിരിക്കുന്നത്. ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും. അധികമായി ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ ഇതര ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ കഴിയും.
മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സൗകര്യമുള്ള 240 കിടക്കകളും, 30 ഐസിയു കിടക്കകളും ഉള്‍പ്പെടെ 270 കിടക്കകളാണ് സജ്ജമാക്കുന്നത്. കോവിഡ് ചികിത്സയും, പരിശോധനയുമെല്ലാം ഈ മാസം തന്നെ മെഡിക്കല്‍ കോളജില്‍ ആരംഭിക്കാനുള്ള തയാറെടുപ്പാണ് നടന്നു വരുന്നത്. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനെയാണ് ഓക്‌സിജന്‍ പ്ലാന്റ് സജ്ജമാക്കുന്നതിന്റെ ചുമതല സര്‍ക്കാര്‍ ഏല്പിച്ചിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ പറഞ്ഞു.