ബ്ലാക്ക് ഫംഗസ് രോഗബാധ: പത്തനംതിട്ട ജില്ല അതീവ ജാഗ്രതയില്‍

ബ്ലാക്ക് ഫംഗസ് രോഗബാധ: പത്തനംതിട്ട ജില്ല അതീവ ജാഗ്രതയില്‍

കൂടുതല്‍ കരുതലും ജാഗ്രതയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോശങ്ങൾ തിന്നു തീർക്കുന്ന പൂപ്പൽ രോഗം മ്യൂക്കർമൈക്കോസിസ്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗികളെ ബാധിക്കുന്ന മ്യൂക്കര്‍മൈക്കോസിസ് രോഗബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജില്ലയില്‍ ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്തനംതിട്ട സ്വദേശികളായ രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ജില്ലയ്ക്ക് പുറത്ത് താമസമാക്കിയവരാണ്. ഫംഗസ് ബാധയുണ്ടെന്ന് സംശയം തോന്നിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലയിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് രോഗികളിലും രോഗമുക്തരിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും അനിയന്ത്രിതമായ പ്രമേഹം തുടങ്ങി മറ്റസുഖങ്ങള്‍ ഉള്ളവരിലുമാണ് രോഗബാധ കൂടുതലായി കാണുന്നത്. ഐ.സി.യുവില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധശേഷി കുറയാം. പ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരില്ല.

മ്യൂക്കര്‍മൈക്കോസിസ്

വിവിധതരം ഫംഗസുകള്‍ അഥവാ പൂപ്പലുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. അതിന്റെ കണികകള്‍ വായുവിലുമുണ്ട്. അന്തരീക്ഷത്തിലുള്ള അതിന്റെ അതിസൂക്ഷ്മങ്ങളായ കണികകളാണ് രോഗത്തിനു കാരണമാകുന്നത്. മൂക്കിലൂടെയും വായിലൂടെയും ഇവ ശരീരത്തില്‍ പ്രവേശിക്കും. തൊലിപ്പുറത്ത് മുറിവോ ചതവോ ഉണ്ടെങ്കിലും ഇവ ശരീരത്തിലെത്താം.

രോഗ ലക്ഷണങ്ങള്‍

കണ്ണിനും മൂക്കിനു ചുറ്റിനും വേദന, ചുവപ്പോ കറുപ്പോ നിറം, മൂക്കടപ്പ്, മൂക്കില്‍ നിന്ന് കറുത്ത നിറത്തില്‍ സ്രവം വരിക, മുഖത്ത് വേദന, കാഴ്ച്ച മങ്ങല്‍, ശ്വാസതടസം, തലയുടെ ഒരു ഭാഗത്തു മാത്രം അസഹ്യമായ വേദന, ചുമ.
രോഗലക്ഷണങ്ങള്‍ പൊതുവെ തലയുടെ ഒരു വശത്തായാണ് കാണപ്പെടുന്നത്. കോവിഡിനെ തുടര്‍ന്ന് രോഗബാധയുണ്ടാകുമ്പോള്‍ മുഖത്ത് തലയോട്ടിയിലെ മൂക്കിന്റെ അടുത്തുള്ള സൈനസുകള്‍, കണ്ണ്, തലച്ചോറ് ഇവയെ ക്രമാനുഗതമായി ബാധിക്കുന്നു. കണ്ണുകള്‍ തള്ളിവരിക, കാഴ്ച നഷ്ടം, ഇരട്ടയായി കാണുക എന്നിവയും തലച്ചോറിനെ ബാധിച്ചാല്‍ ബോധക്ഷയം, അപസ്മാരം എന്നിവയും ഉണ്ടാകാം.
രോഗപ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥകള്‍, നിയന്ത്രിതമല്ലാത്ത പ്രമേഹം, ക്യാന്‍സര്‍, കീമോതെറാപ്പി ചികിത്സ, ദീര്‍ഘകാലമായി കൂടിയ അളവില്‍ സ്റ്റീറോയ്ഡുകളുടെ ഉപയോഗം, ജന്മനാ പ്രതിരോധശേഷി ഇല്ലാതിരിക്കുക, എയ്ഡ്‌സ് എന്നീ അവസ്ഥകളില്‍ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. കോവിഡ് രോഗികളില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ രോഗ പ്രതിരോധ ശേഷി കുറയ്ക്കും. ഏറെ നാള്‍ വെന്റിലേറ്ററില്‍ കഴിയുന്നവരിലും രോഗ ബാധയുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുണ്ട്.

രോഗനിര്‍ണ്ണയം

സ്രവ പരിശോധനയോ ബയോപ്‌സി പരിശോധനയോ നടത്തി ഫംഗസിനെ കണ്ടെത്തുന്നു. രോഗബാധയുടെ തീവ്രത അറിയാന്‍ സ്‌കാനിംഗ് നടത്തുന്നു.

ചികിത്സ

ശക്തി കൂടിയ, ദീര്‍ഘനാള്‍ ഉള്ളില്‍ കഴിക്കേണ്ട ആന്റി ഫംഗല്‍ മരുന്നുകള്‍ കഴിക്കേണ്ടി വരും. രോഗബാധ മൂലം നശിച്ചുപോയ കോശങ്ങള്‍ നീക്കം ചെയ്യാനായി ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

ശ്രദ്ധിക്കേണ്ടത്

ഉയര്‍ന്ന പ്രമേഹമുള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കണം. സ്റ്റീറോയ്ഡുകള്‍ കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം മരുന്നുകള്‍ കഴിക്കുക. വൃത്തിയുള്ള അന്തരീക്ഷത്തില്‍ കഴിയണം. ശുചിത്വം പാലിക്കണം. മാസ്‌ക് ഉപയോഗിക്കണം. മാലിന്യങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും ഈ ഫംഗസ് കൂടുതലായി കാണുന്നുണ്ട്. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ ഇടപെടുന്നവര്‍ മാസ്‌ക് ധരിക്കണം.

കൃത്യമായ ചികിത്സയിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയും.പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തുക, രോഗ ലക്ഷണങ്ങള്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ചികിത്സ തേടുക, ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക എന്നിവ പ്രധാനമാണ്. ഭയപ്പെടേണ്ട കാര്യമില്ലെന്നും സാധാരണക്കാരെ ബാധിക്കുന്ന ഒരു രോഗമല്ല ഇതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *