കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം: സ്ഥലപരിശോധന നടത്തി
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയും ചേര്‍ന്ന് സ്ഥലപരിശോധന നടത്തി. നിലവില്‍ കണ്ടെത്തിയിരിക്കുന്ന കെട്ടിടം വിപുലീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ 75 ലക്ഷം രൂപയുടെ ഒരു പ്ലാന്റും സ്‌പോണ്‍സറായി ലഭിക്കുന്ന പ്ലാന്റും ഈ കെട്ടിടത്തിലാകും നിര്‍മ്മിക്കുക. മിനിറ്റില്‍ 1300 ലിറ്റര്‍ ഓക്‌സിജനാണ് ഈ പ്ലാന്റിലൂടെ ജില്ലയ്ക്കു ലഭ്യമാകുക. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത ആഴ്ചയോടെ പ്രവര്‍ത്തനം ധ്രുതഗതിയിലാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രതിഭ, എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍സ് എഞ്ചിനീയര്‍, ആരോഗ്യ വകുപ്പ് പ്രതിനിധി, ബന്ധപ്പെട്ട മറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.