പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ  പ്രധാന വാര്‍ത്തകള്‍(24/05/2021 )

പത്തനംതിട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍

പത്തനംതിട്ട നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാനും
തോടുകള്‍ ശുചീകരിക്കാനും തീരുമാനം

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പ് മേധാവികളുടെ യോഗം നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാനും തോടുകള്‍ ശുചീകരിക്കാനും അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചു മാറ്റാനും യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്ത്, വൈദ്യുതി ബോര്‍ഡ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ നഗരസഭയുമായി ചേര്‍ന്നായിരിക്കും ജില്ലാ ആസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എസ് കോശി, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനു, നഗരസഭാ സെക്രട്ടറി എസ്.ഷെര്‍ളാ ബീഗം, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അന്‍ഷാദ് മുഹമ്മദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.ബാബു കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

കോവിഡ് പ്രതിരോധം:
ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കും
സഹായമൊരുക്കി റാന്നി ബ്ലോക്ക് പഞ്ചായത്ത്

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് തങ്ങളുടെ
പരിധിയിലുള്ള ആശുപത്രികള്‍ക്കും ഗ്രാമ പഞ്ചായത്തുകള്‍ക്കും വേണ്ട സഹായങ്ങള്‍ ഒരുക്കി റാന്നി ബ്ലോക്ക് പഞ്ചായത്ത്. റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍വരുന്ന ആശുപത്രികളില്‍ എല്ലാം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഫണ്ട് നല്‍കിയിട്ടുണ്ട്. താലൂക്ക് ആശുപത്രിക്ക് 10 ലക്ഷം രൂപ കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചു. പെരുന്നാട്, ചിറ്റാര്‍, വെച്ചൂച്ചിറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ അഞ്ച് ലക്ഷം രൂപ
വീതവും എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ഓരോ ലക്ഷം രൂപ വീതവും നല്‍കും.
റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍വരുന്ന ഒന്‍പത് ഗ്രാമപഞ്ചായത്തുകള്‍ക്കും ഓരോ ലക്ഷം രൂപയുടെ സഹായം നല്‍കാനും തീരുമാനിച്ചു. റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 120 ബെഡുകളുള്ള കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് വ്യാപന മുന്‍കരുതലിന്റെ ഭാഗമായി റാന്നി സെന്റ് മേരിസ് സ്‌കൂളില്‍ 200 ബെഡുകളുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിവരുന്നു.
നിലവില്‍ ബ്ലോക്കിന്റെ പരിധിയിലുള്ള എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ആവശ്യത്തിന് ആംബുലന്‍സ് സൗകര്യം ലഭ്യമാണ്. ആവശ്യമെങ്കില്‍ ഗ്രാമപഞ്ചായത്തുകളുടെയും ആശുപത്രികളുടെയും ആവശ്യ പ്രകാരം കൂടുതല്‍ ആംബുലന്‍സുകള്‍ ലഭ്യമാക്കുമെന്ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സംഘടനകളുടെ ആംബുലന്‍സ് സേവനവും ബ്ലോക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കമ്മ്യൂണിറ്റി കിച്ചണുകള്‍ക്കായി ഗ്രാമപഞ്ചായത്തുകള്‍ക്ക് വേണ്ട സഹായം ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിനല്‍കുന്നു.ബ്ലോക്കിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ സജ്ജീവമായി നടന്നുവരുന്നു. എല്ലാ വാര്‍ഡുകളിലും ആയൂര്‍വേദ, ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തിവരുന്നു.
എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും അഞ്ച് ലക്ഷം രൂപയുടെ 2000 പിപിഇ കിറ്റ് വാങ്ങുന്നതിന് കണ്‍സ്യൂമര്‍ ഫെഡിന് ഓഡര്‍ നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളുടെയും പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരന്തരം ആശയ വിനിമയം നടത്തിവരുന്നതായും റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കോവിഡ് പ്രതിരോധം ശക്തമാക്കി
പെരിങ്ങര ഗ്രാമപഞ്ചായത്ത്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് സംവിധാനം പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ലോക്ഡൗണ്‍ തുടങ്ങിയ അന്നുമുതല്‍ സാമൂഹിക അടുക്കളയിലൂടെ പ്രതിദിനം 500 പേര്‍ക്ക് സൗജന്യ ഭക്ഷണം വീട്ടിലെത്തിച്ചു നല്‍കി വരികയാണ് ഗ്രാമപഞ്ചായത്ത്.
ഗ്രാമപഞ്ചായത്തില്‍ അടിയന്തര സാഹചര്യത്തില്‍ കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും ചികിത്സയ്ക്കുശേഷം വീട്ടിലെത്തിക്കുന്നതിനും ആബുലന്‍സ് സൗകര്യവും കോവിഡ് പരിശോധിക്കുന്നതിനായി ടെസ്റ്റ് സെന്ററുകളിലേക്ക് പോകുന്നവര്‍ക്ക് വാഹന സൗകര്യവും പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ട്.
സന്നദ്ധപ്രവര്‍ത്തകരുമായി ചേര്‍ന്ന് ഓക്‌സിമീറ്ററുകള്‍ ചാത്തങ്കേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ലഭ്യമാക്കി. പഞ്ചായത്ത് ഡൊമിസലറി കെയര്‍ സെന്ററായി വേങ്ങല്‍ സബ്‌സെന്റര്‍ തിരഞ്ഞെടുത്ത് 50 പേരെ പാര്‍പ്പിക്കുന്നതിന് ആവശ്യമായി സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വാര്‍ഡ്തലത്തില്‍ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ച് കോവിഡ് രോഗികളുടെ ഐസലേഷന്‍, ആവശ്യമായ മെഡിക്കല്‍ പരിചരണം, ഭക്ഷണം, കൗണ്‍സിലിംഗ്, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാവശ്യമായ ബോധവത്കരണം എന്നിവ നല്‍കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, നോഡല്‍ ഓഫീസര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ ഉള്‍പ്പെട്ട കോര്‍ കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.
സര്‍ക്കാരിന്റെ വിശപ്പു രഹിത പദ്ധതിയുടെ ഭാഗമായി ലോക്ക്ഡൗണിന് ശേഷവും ജനകീയ അടുക്കളയിലൂടെ സാധാരണക്കാര്‍ക്ക് 20 രൂപയ്ക്ക് ഉച്ചഭക്ഷണം, ഹോം ഐസലേഷനിലുള്ള ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് പ്രതിദിനം കുറഞ്ഞ ചെലവില്‍ ഭക്ഷണം എന്നിവ ലഭ്യമാക്കുന്നതിനായി പെരിങ്ങര പഞ്ചായത്ത് ഒരു ജനകീയ ഹോട്ടല്‍ കൂടി സ്വാമിപാലത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കാനും പെരിങ്ങര ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നു.

കുടുക്ക പൊട്ടിച്ച് കിട്ടിയ സമ്പാദ്യം
സംഭാവന നല്‍കി ഒന്‍പതാം ക്ലാസുകാരന്‍

തന്റെ കുടുക്ക പൊട്ടിച്ച് കിട്ടിയ സമ്പാദ്യം വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായിരിക്കുകയാണ് മുത്തൂര്‍ എന്‍.എസ്.എസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ വിജയ് ബിജു. വാക്‌സിന്‍ ചലഞ്ചിനായി കുടുക്കയില്‍ നിന്നും കിട്ടിയ 2034 രൂപയാണ് വിജയ് തിരുവല്ല അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. ആര്‍ സനല്‍കുമാറിന് കൈമാറിയത്.
പെരിങ്ങര ഗ്രാമപഞ്ചായത്ത് മെമ്പര്‍ റിക്കു മോനി വര്‍ഗീസിന്റെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.
ഓട്ടോറിക്ഷ തൊഴിലാളിയായ ബിജുവാണ് വിജയുടെ പിതാവ്. കൊല്ലത്ത് സുബൈദ ഉമ്മ സ്വന്തം ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് ടിവിയിലൂടെ കണ്ടിട്ടാണ് കുട്ടികള്‍ക്കും തുക സംഭാവന നല്‍കാന്‍ തോന്നിയത് എന്ന് വിജയ് യുടെ പിതാവ് ബിജു പറഞ്ഞു.

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ 8 പേര്‍ മാത്രം

കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഭൂരിഭാഗം ജനങ്ങളും വീടുകളിലേക്കു മാറി. നിലവില്‍ കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലെ എട്ടു 8 പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമാണ് ക്യാമ്പിലുള്ളത്.
ഇവരില്‍ രണ്ടു പേര്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. കോവിഡ് രോഗ ലക്ഷണമുള്ളവരായ ആരും ക്യാമ്പില്‍ ഇല്ല. അടൂര്‍, കോഴഞ്ചേരി, തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി എന്നീ താലൂക്കുകളിലായി 73 പേരുടെ വീടുകള്‍ ഭാഗികമായും തിരുവല്ല, കോഴഞ്ചേരി, റാന്നി എന്നിവിടങ്ങളിലായി മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അടൂര്‍ 24, കോഴഞ്ചേരി 4, തിരുവല്ല 4, റാന്നി 11, കോന്നി 17, മല്ലപ്പള്ളി 13 വീടുകളാണ് ഭാഗീകമായി തകര്‍ന്നിട്ടുള്ളത്.

കോവിഡ് പ്രോട്ടോകോള്‍ ലംഘനം:
പത്തനംതിട്ടയില്‍ രണ്ടു ദിവസം 194 കേസുകള്‍

കോവിഡ് ആയാലും ബ്ലാക്ക് ഫംഗസ് ആയാലും മാസ്‌ക് ധരിക്കല്‍ പോലെയുള്ള നിബന്ധനകള്‍ കൃത്യമായും പാലിക്കേണ്ട സാഹചര്യം ഉള്‍ക്കൊണ്ട് ജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. ഇക്കാര്യങ്ങളില്‍ ലംഘനങ്ങള്‍ ഉണ്ടാകാതിരിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കുന്നുണ്ട്. കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ ജില്ലയില്‍ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടിയതിനെതുടര്‍ന്ന് പഴയതുപോലെതന്നെ ജില്ലയില്‍ പോലീസ് പരിശോധനയും നിരീക്ഷണവും വിട്ടുവീഴ്ചയില്ലാത്തവിധം തുടരുന്നുണ്ട്. വാഹന പരിശോധനയിലൂടെയും മറ്റും അനാവശ്യ യാത്രകളും ലംഘനങ്ങളും കര്‍ശനമായി തടഞ്ഞുവരികയാണ്. വനിതാ പോലീസ് ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥരെ വാഹനപരിശോധനയും ക്വാറന്റീന്‍ നിരീക്ഷണവും തുടങ്ങി എല്ലാ ഡ്യൂട്ടികള്‍ക്കും നിയോഗിച്ചുവരികയാണ്. പോലീസ് വാളന്റിയര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 194 കേസുകളിലായി 198 പേരെ അറസ്റ്റ് ചെയ്യുകയും 27 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ആറു കടകള്‍ക്കെതിരെ നടപടിയെടുത്തു. ക്വാറന്റൈന്‍ ലംഘനത്തിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയും മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 689 പേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 231 പേര്‍ക്കെതിരെ നടപടിയെടുത്തതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
തിങ്കളാഴ്ച (24.05.2021) വൈകിട്ട് വരെ കിട്ടിയ ഇ പാസ് അപേക്ഷകളുടെ എണ്ണം 42201 ആണ്. ഇതില്‍ 9317 പാസ് അനുവദിച്ചപ്പോള്‍ 32880 എണ്ണവും തള്ളി. പരിഗണനയില്‍ നാലെണ്ണം മാത്രമാണുള്ളതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *