കാര്‍ഷിക വിളകള്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിപണയിലെത്തിച്ച് ഹോര്‍ട്ടികോര്‍പ്പ്

 

ലോക്ക് ഡൗണിലും കര്‍ഷകര്‍ക്ക് താങ്ങായി കാര്‍ഷിക വിളകള്‍ അവരില്‍ നിന്നും സംഭരിച്ച് വിപണിയില്‍ എത്തിക്കുകയാണ് പത്തനംതിട്ട ജില്ലാ ഹോര്‍ട്ടികോര്‍പ്പ്.

മരച്ചീനി സംഭരണത്തില്‍ കേരള സംസ്ഥാന കാര്‍ഷിക വികസനക്ഷേമ വകുപ്പ് നടപ്പിലാക്കിവരുന്ന അടിസ്ഥാന വില (ബേസ് പ്രൈസ്) മുഖേനയാണ് സംഭരണം നടത്തുന്നത്. പഴം, പച്ചക്കറി കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ അതാത് ദിവസത്തെ സംഭരണ വിലയ്ക്ക് അടൂര്‍ പഴകുളത്ത് സ്ഥിതി ചെയ്യുന്ന ഹോര്‍ട്ടികോര്‍പ്പ് ജില്ലാ സംഭരണ വിതരണ കേന്ദ്രത്തില്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുമെന്നും ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ കെ.എസ് പ്രദീപ് പറഞ്ഞു.

സംസ്ഥാനത്ത് മരച്ചീനിയുടെ വില ക്രമാതീതമായി കുറഞ്ഞ സാഹചര്യത്തില്‍ അടിസ്ഥാന വില ലഭിക്കാന്‍ വേണ്ടി കാര്‍ഷിക വികസനക്ഷേമ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നാണ് മരച്ചീനി സംഭരിക്കുന്നത്. ആറ് രൂപ നിരക്കിലാണ് ഹോര്‍ട്ടികോര്‍പ്പ് മരച്ചീനി സംഭരിക്കുന്നത്. മരച്ചീനിയുടെ അടിസ്ഥാന വില 12 രൂപയാണ്. ബാക്കി തുകയായ ആറു രൂപ കര്‍ഷകനു കാര്‍ഷിക വികസനക്ഷേമ വകുപ്പാണു നല്‍കുന്നത്. അതത് ദിവസത്തെ സംഭരണ വില അനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകാം. ഇപ്രകാരം ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നും 15 ടണ്‍ മരച്ചീനിയാണു സംഭരിക്കുന്നത്.
കര്‍ഷകര്‍ തൊട്ടടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെട്ട് വിളകള്‍ കൃഷി ചെയ്തതിന്റെ വിസ്തീര്‍ണവും ഉത്പന്നത്തിന്റെ അളവും അടിസ്ഥാന വിലയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ സഹിതമുള്ള സര്‍ട്ടിഫിക്കറ്റും തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റെ രേഖകളുമായി ഹോര്‍ട്ടികോര്‍പ്പിനെ സമീപിക്കണം.
ഇങ്ങനെ സംഭരിക്കുന്ന മരച്ചീനി, പ്രാഥമിക ക്ഷീര സംഘങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വിറ്റഴിക്കുകയാണ് ഹോര്‍ട്ടികോര്‍പ്പ് ചെയ്യുന്നത്. ഉത്പനങ്ങളുടെ സംഭരണവില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *