മലഞ്ചരക്ക് കടകൾ ഒരു ദിവസം തുറക്കാൻ അനുവദിക്കും
നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ നിശ്ചിതദിവസം തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൗണിൽ നിർമാണ പ്രവർത്തനത്തിന് അനുമതി നൽകിയിട്ടുണ്ട്. അതിന് ആവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകളാകും നിശ്ചിതദിവസം തുറക്കാൻ അനുമതി നൽകുന്നത്.
ചെത്തുകല്ല് വെട്ടാൻ അനുമതി നൽകിയിട്ടുണ്ട്. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങളെ തടയുന്ന പ്രശ്നങ്ങൾ ഒഴിവാക്കും.
മലഞ്ചരക്ക് കടകൾ വയനാട് ഇടുക്കി ജില്ലകളിൽ ആഴ്ചയിൽ രണ്ട് ദിവസവും മറ്റ് ജില്ലകളിൽ ഒരു ദിവസവും തുറക്കാൻ അനുവദിക്കും.റബ്ബർ തോട്ടങ്ങളിലേക്ക് റെയിൻഗാർഡ് വാങ്ങണമെങ്കിൽ അതിന് ആവശ്യമായ കടകൾ നിശ്ചിത ദിവസം തുറക്കാൻ അനുവാദം നൽകും.വാക്സിൻ മുൻഗണനാ പട്ടികയിൽ ബാങ്കുകാരെ പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിച്ച് അനുകൂലതീരുമാനം എടുക്കും.
വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നിശ്ചിത ദിവസത്തിനുള്ളിൽ വാക്സിൻ ലഭ്യമാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം കാണും. കോവി ഷീൽഡ് രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നൽകാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്. അതിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളവർ തിരിച്ചു പോകേണ്ടത് എങ്കിൽ ജോലി നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. ഏത് രീതിയിൽ ഇളവ് അനുവദിക്കാൻ പറ്റും എന്ന് പരിശോധിക്കും.
ഹയർസെക്കൻഡറി പരീക്ഷകൾ മാസ്‌ക് ധരിച്ചാണ് എഴുതേണ്ടത്. എല്ലാ വിധത്തിലുള്ള മുൻകരുതലുകളും പരീക്ഷ നടത്തിപ്പിൽ ഉണ്ടാകും.
രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗം സമൂഹത്തിലെ പരമാവധി ആളുകൾക്ക് വാക്സിൻ നൽകി സാമൂഹിക പ്രതിരോധശേഷി ആർജിക്കുക എന്നതാണ്.
ഓരോ സംസ്ഥാനത്തിൻറേയും വാക്സിൻ ആവശ്യകത കണക്കാക്കി രാജ്യത്തിനു മൊത്തത്തിൽ ആവശ്യം വരുന്ന വാക്സിൻ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടർ കേന്ദ്ര സർക്കാർ തന്നെ വിളിക്കുകയാണെങ്കിൽ വാക്സിനുകളുടെ വില ഉയരാതെ നിലനിർത്താൻ സാധിക്കും.ഇതിനാവശ്യമായ നടപടികൾ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനങ്ങൾക്ക് വാക്സിനുകൾ സൗജന്യമായി നൽകിക്കൊണ്ട് ഒരാൾ പോലുമൊഴിവാകാതെ എല്ലാ ജനങ്ങളും വാക്സിൻ എടുക്കുന്നത് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകുന്ന സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ രണ്ടാമത്തെ തരംഗത്തിന്റെ തുടക്കത്തിൽ 106 ആശുപത്രികളാണുണ്ടായിരുന്നത്. അതിപ്പോൾ 252 ആശുപത്രികളായി ഉയർന്നിട്ടുണ്ട്. 122.65 കോടി രൂപയാണ് ഈ പദ്ധതി വഴി ജനങ്ങളുടെ ചികിത്സയ്ക്കായി ചെലവഴിച്ചിരിക്കുന്നത്.കൂടുതൽ ആശുപത്രികൾ ഈ പദ്ധതിയുടെ ഭാഗമാകണമെന്നും ജനങ്ങൾക്ക് സൗജന്യ ചികിത്സ ലഭിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.