പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി വ്യാപനത്തിനു സാധ്യത : ജില്ലാ ആരോഗ്യ കേന്ദ്രം
മഴ ശക്തമായതോടെ ശുദ്ധജലത്തില്‍ മുട്ടയിട്ടു പെരുകുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളുടെ സാന്ദ്രത ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും ഇത് ഡെങ്കിപനി വ്യാപനത്തിലേക്ക് നയിച്ചേക്കാമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ പറഞ്ഞു.
കോവിഡ് രോഗ ബാധയോടൊപ്പം ഡെങ്കിപ്പനി ബാധകൂടി ഉണ്ടായാല്‍ അതു ഗുരുതരമായ ആരോഗ്യപ്രശ്‌നമായി മാറും. അതിനാല്‍ കൊതുകു നിയന്ത്രണം ഊര്‍ജ്ജിതമാക്കണം. ഈ വര്‍ഷം ഇതുവരെ അഞ്ചു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 31 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും ഉണ്ടായിട്ടുണ്ട്
ലോക്ഡൗണിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെല്ലാം വീടുകളില്‍ത്തന്നെയുണ്ട്. ഈ സാഹചര്യം വീടിനുള്ളിലും പുറത്തും പരിസരങ്ങളിലും ശുചീകരണത്തിനും കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിനും ഉപയോഗിക്കണം. വെളളം കെട്ടി നില്‍ക്കുന്നിടത്ത് കൊതുക് വളരും. അതിനാല്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം.
കൊതുക് മുട്ടയിടാന്‍ സാധ്യതയുളള ചിരട്ട, ടയര്‍, കൃഷി, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, വെള്ളം കെട്ടിനില്‍ക്കാനിടയുള്ള മറ്റു വസ്തുക്കള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്‌കരിക്കുകയോ, വെളളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യണം. ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടിക്കടിയില്‍ വയ്ക്കുന്ന പാത്രങ്ങള്‍, കൂളറിന്റെ ഉള്‍വശം, ടെറസ്, ടാങ്ക് മുതലായവയില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ വെള്ളം ഊറ്റിക്കളയണം.
ജലം സംഭരിക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുക് കടക്കാത്തവിധം മൂടിവയ്ക്കുക. ഇവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞതിനുശേഷം ഉള്‍വശം കഴുകി ഉണക്കി വീണ്ടും വെള്ളം നിറക്കുക. മര പൊത്തുകളിലും വാഴ പോളകളിലും അടയ്ക്കാത്തോട്ടങ്ങളില്‍ വീണു കിടക്കുന്ന പാളകളിലും വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കുക.
ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതിരിക്കുക.
മഴക്കാലത്തു ടെറസിനു മുകളിലും സണ്‍ഷേഡിലും വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വീടിനു ചുറ്റും കാണുന്ന പാഴ്‌ച്ചെടികള്‍, ചപ്പുചവറുകള്‍ എന്നിവ നീക്കം ചെയ്ത് പരിസരശുചിത്വം ഉറപ്പുവരുത്തുക. ഈഡിസ് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ ശരീരം നന്നായി വസ്ത്രങ്ങള്‍ ധരിക്കുകയും പകല്‍ സമയത്ത് ഉറങ്ങുന്നവര്‍ കൊതുകുവല ഉപയോഗിക്കുകയും ചെയ്യുക.
പ്ലാന്റേഷനുകളില്‍ പ്രത്യേക കൊതുക് നിവാരണ പരിപാടി നടപ്പിലാക്കണം. വീടുകളോട് ചേര്‍ന്നുള്ള ചെറുകിട റബ്ബര്‍ തോട്ടങ്ങളില്‍ റബ്ബര്‍ ചിരട്ടകള്‍ കമിഴ്ത്തി വെക്കുകയും വെളളം കെട്ടിനില്‍ക്കുന്ന പാഴ്‌സ്തുക്കള്‍ ഒഴിവാക്കുകയും വേണം.
പനി പലരോഗങ്ങളുടെയും ലക്ഷണമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കണം. പല ലക്ഷണങ്ങളും കോവിഡിന്റെ കൂടെയായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടിനുളളിലും പരിസരത്തും വെളളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളെ നശിപ്പിക്കാം. ഇതിനായി ആഴ്ചയില്‍ ഒരിക്കല്‍ എല്ലാവരും ഡ്രൈ ഡേ ആചരിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.