റബറിന് താങ്ങുവില : പ്രകടന പത്രികയില്‍ ഉണ്ട് : പ്രാവര്‍ത്തികമാക്കണം

റബറിന് താങ്ങുവില : പ്രകടന പത്രികയില്‍ ഉണ്ട് : പ്രാവര്‍ത്തികമാക്കണം

കോന്നി വാര്‍ത്ത ഡോട്ട് കോം :സാധാരണ റബര്‍ കര്‍ഷകരുടെ എക്കാലത്തെയും ആവശ്യമാണ് റബറിന് താങ്ങുവില പ്രഖ്യാപിക്കണം എന്നത് . ഇലക്ഷന്‍ കാലത്ത് മുന്നണികളുടെ പ്രകടന പത്രികയില്‍ വെണ്ടയ്ക്കാ മുഴുപ്പിന് കാണുന്നതും ഈ വാചകമാണ് . “അധികാരത്തില്‍ കയറിയാല്‍ റബറിന് താങ്ങുവില പ്രഖ്യാപിക്കും “. എന്നാല്‍ ഗ്രാമീണ റബര്‍ കര്‍ഷകര്‍ക്ക് വലിച്ചാല്‍ വലിഞ്ഞു കിട്ടാത്തത് ഈ ആനുകൂല്യമാണ് .

കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ മനസ്സ് വെച്ചാല്‍ ഒരു മണിക്കൂര്‍ മാത്രം മതി താങ്ങ് വില പ്രഖ്യാപിക്കാന്‍ . പഠന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ സര്‍ക്കാരുകളുടെ മുന്നില്‍ ഉണ്ട് .നടപ്പിലാക്കിയാല്‍ മാത്രം മതി .
കേരളത്തില്‍ വീണ്ടും പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതോടെ വരുന്ന ബജറ്റില്‍ ധനകാര്യ വകുപ്പ് റബറിന് താങ്ങ് വില പ്രഖ്യാപിക്കണം എന്ന് നാഷണൽ അസോസിയേഷന്‍ ഓഫ് റബ്ബേഴ്സ് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ്(National Association of Rubbers Producers Societies )പത്തനംതിട്ട റീജണല്‍ സെക്രട്ടറി വി എം ചെറിയാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം ഇക്കുറി എങ്കിലും നടപ്പിലാക്കണം എന്നാണ് ആവശ്യം . താങ്ങുവില വാഗ്ദാനം മാത്രമായി മാറരുത് എന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു . റബറിന് താങ്ങുവില ഇരുന്നൂറ്റി അന്‍പതിലെത്തിക്കുമെന്നാണ് ഇടത് വലത് മുന്നണികളുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. 160-170 രൂപയില്‍ ചാഞ്ചാടിയാണ് ആര്‍.എസ്.എസ് ഫോര്‍ ഗ്രേഡ് റബറിന്റെ ഇപ്പോഴത്തെ വിലനിലവാരം.ഉല്‍പാദനച്ചെലവുകൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാത്ത സ്ഥിതിയിലാണ് . റബര്‍ കൃഷിയുടെ ഈറ്റില്ലമായ മധ്യകേരളത്തിലെ പ്രധാന വരുമാന മാര്‍ഗമാണ് റബര്‍ കൃഷി . ഉല്‍പാദനച്ചെലവ് ഏറിയതോടെ റബര്‍ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം ഏറുകയുമാണ്.പുതിയ ധനകാര്യ വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ എങ്കിലും സജീവമായി ഇടപെടും എന്ന് പ്രത്യാശിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *