മഴ : മൂഴിയാറില്‍ നിന്ന് കക്കി ഡാമിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞു
പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ പെയ്യുന്നു . പമ്പ അച്ചന്‍ കോവില്‍ നദികള്‍ പല ഭാഗത്തും കര കവിഞ്ഞു . താണ സ്ഥലത്ത് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം എന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു . മൂഴിയാറില്‍ നിന്ന് കക്കി ഡാമിലേക്കുള്ള റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായി . കഴിഞ്ഞ വര്‍ഷവും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായി. മഴക്കെടുതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍
കോഴഞ്ചേരി താലൂക്ക് ഓഫീസ് കണ്‍ട്രോള്‍ റൂം നമ്പര്‍
മഴക്കെടുതിയുമായി ബന്ധപ്പെട്ട് കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍റും തുറന്നു. ബന്ധപ്പെടേണ്ട നമ്പര്‍ : 0468 2962221.
വെള്ളം കയറിയ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം
നല്‍കണം: നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍
പന്തളം തെക്കേക്കര തോലുഴത്ത് വെള്ളം കയറി നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലുള്ള 14 വീടുകളിലാണ് വെള്ളം കയറിയത്. വെള്ളം കയറിയ വീടുകള്‍ സംരക്ഷിക്കുന്നതിന് വേണ്ട സഹായം ചെയ്യണമെന്ന് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രദേശം സന്ദര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഭക്ഷണസാധനങ്ങള്‍ എത്തിക്കാനുള്ള നിര്‍ദേശവും തഹസില്‍ദാര്‍ക്ക് നല്‍കി.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ വിദ്യാധര പണിക്കര്‍, ശ്രീകുമാര്‍, ശ്രീലത സന്തോഷ്, വില്ലേജ് ഓഫീസര്‍ ശുഭ കുമാരി, തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
അരയാഞ്ഞിലിമണ്ണിലും കുരുമ്പന്‍മൂഴിയിലും
ബെയ്ലി പാലത്തിന് ശിപാര്‍ശ നല്‍കും: എംഎല്‍എ
മഴക്കാലത്ത് ജലനിരപ്പ് ഉയര്‍ന്ന് കോസ്‌വേ കള്‍ മുങ്ങി അരയാഞ്ഞിലിമണ്‍, കുരുമ്പന്‍ മൂഴി ഭാഗങ്ങള്‍ പെട്ടന്ന് ഒറ്റപ്പെട്ടുപോകുന്നത്് ഒഴിവാക്കുന്നതിന് ഇവിടങ്ങളില്‍ ബെയ്ലി പാലം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ചൊവ്വാഴ്ച ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് പമ്പാനദിയിലെ എയ്ഞ്ചല്‍വാലി, കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍, മുക്കം തുടങ്ങിയ കോസ്വേകള്‍ മുങ്ങി പോയിരുന്നു. ഇതോടെ മൂന്നു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ സെറ്റില്‍മെന്റ് കോളനികള്‍ ഒറ്റപ്പെട്ടുപോയി. എന്‍ഡിആര്‍എഫ് സഹായത്തോടെ ആന്റോ ആന്റണി എംപി യോടൊപ്പം ഒറ്റപ്പെട്ടുപോയ കുരുമ്പന്‍ മൂഴി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ.
ഇവിടങ്ങളില്‍ പുതിയ പാലങ്ങള്‍ നിര്‍മിക്കുകയാണ് ശാശ്വത പരിഹാരം. ഇതിന് ഉണ്ടാകുന്ന കാലതാമസം കണക്കിലെടുത്ത് അടിയന്തരമായി ഇവിടങ്ങളില്‍ ബെയ്ലി പാലം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാന് ശിപാര്‍ശ നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജെയിംസ്, വൈസ് പ്രസിഡന്റ് നിഷാ അലക്സ്, തഹസില്‍ദാര്‍ രമ്യ പി. നമ്പൂതിരി, ജോജി ജോര്‍ജ്, അമല്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
കുരുമ്പന്‍മൂഴിയിലെ ജനങ്ങളെ കാണാന്‍
എം.പിയും എം.എല്‍.എയും നേരിട്ടെത്തി
മഴ ശക്തമായതിനെ തുടര്‍ന്ന് റാന്നി കുരുമ്പന്‍മൂഴി കോസ് വേ യില്‍ വെള്ളം പൊങ്ങിയതിനാല്‍ ഒറ്റപ്പെട്ടു പോയ കുരുമ്പന്‍മൂഴി നിവാസികളെ കാണാന്‍ ആന്റോ ആന്റണി എം.പി, അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ എന്നിവര്‍ നേരിട്ടെത്തി. എന്‍.ഡി.ആര്‍.എഫിന്റെ സഹായത്തോടെ ബോട്ടില്‍ നദി കടന്ന് അക്കരെയെത്തിയാണ് ഇരുവരും ജനങ്ങളെ കണ്ടത്. എല്ലാവര്‍ക്കും അവശ്യസാധനങ്ങള്‍ ഉണ്ടെന്നും നിലവില്‍ ആളുകള്‍ക്ക് മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നും വിലയിരുത്തി. അടിയന്തര സാഹചര്യമുണ്ടായാല്‍ എന്‍.ഡി.ആര്‍.എഫിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഇരുവരും പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയിംസ്, റാന്നി തഹസില്‍ദാര്‍ രമ്യ.എസ്.നമ്പൂതിരി, വില്ലേജ് ഓഫീസര്‍ സാജന്‍ ജോസഫ് തുടങ്ങിയവര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
എന്‍ഡിആര്‍എഫ് സംഘം ക്യാമ്പ് ചെയ്യുന്നു
പത്തനംതിട്ട ശക്തമായ മഴ തുടരുന്നതിനാല്‍ എന്‍ഡിആര്‍എഫ് സംഘം ക്യാമ്പ് ചെയ്യല്‍ തുടരുന്നു. ടീം കമാന്‍ഡര്‍ സബ് ഇന്‍സ്പക്ടര്‍ കെ.കെ.അശോകന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയില്‍ എത്തിയിട്ടുള്ളത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയതിനേ തുടര്‍ന്ന് മുന്‍ കരുതല്‍ എന്ന നിലയിലാണ് എന്‍ഡിആര്‍എഫ് സംഘം പത്തനംതിട്ട ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നത്.
ചെന്നൈ ആര്‍ക്കോണം ഫോര്‍ത്ത് ബെറ്റാലിയന്‍ സബ് ഡിവിഷനായ തൃശൂര്‍ യൂണിറ്റില്‍ നിന്നുമാണ് ഇരുപതംഗ സംഘം എത്തിയത്. രണ്ട് ബോട്ട്, അസ്‌കാ ലൈറ്റ്, കയറുകള്‍, ചെയിന്‍ സോ ഉള്‍പ്പടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും ഇവരുടെ പക്കലുണ്ട്. പത്തനംതിട്ട മണ്ണില്‍ റീജന്‍സിയിലാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നത്. മഴ ശക്തമായതിനെ തുടര്‍ന്ന് റാന്നി കുരുമ്പന്‍മൂഴി കോസ് വേ യില്‍ വെള്ളം പൊങ്ങിയതിനാല്‍ എന്‍ഡിആര്‍എഫ് സംഘം എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി