കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍

കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് കൂടുതലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്(ടിപിആര്‍) കൂടുതലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.
കടപ്ര ഗ്രാമപഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ സെന്റര്‍ നിറഞ്ഞു. ആളുകള്‍ ക്വാറന്റൈന്‍ പാലിക്കുന്നില്ല. പോലീസിന്റെ സഹായത്തോടെ നിയന്ത്രണം നടപ്പിലാക്കും. ടിപിആര്‍ കൂടിയ മറ്റ് പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുവാന്‍ യോഗം തീരുമാനിച്ചു.
ജില്ലയില്‍ വിവിധയിടങ്ങളിലായി സംഘടനകളും സന്നദ്ധ സേവകരും നടത്തിവരുന്ന സഹായങ്ങള്‍ സ്വീകരിക്കാനെത്തുന്നവര്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വീടിന് പുറത്തിറങ്ങി കിറ്റുകള്‍ വാങ്ങുന്നത് ഒഴിവാക്കണം. ആള്‍ക്കൂട്ടം ഉണ്ടാകാതെ ശ്രദ്ധിക്കണം. കോവിഡ് പരിശോധനാ കിറ്റുകള്‍ ഓരോ കേന്ദ്രങ്ങള്‍ക്കും ശരിയായ രീതിയില്‍ വിതരണം ചെയ്യണം. രോഗികളുടെ എണ്ണം / ജനസംഖ്യ എന്നിവയെ അടിസ്ഥാനപ്പെടുത്തി കിറ്റ് വിതരണം ചെയ്യാം. ഇത്തരത്തില്‍ കൃത്യമായി വിതരണം ചെയ്യുന്നെന്ന് ഉറപ്പുവരുത്തണം. ഓരോ രോഗിയുടെയും രോഗകാരണം കണ്ടെത്തി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളെ അറിയിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, കോന്നി ഡിഎഫ്ഒ ഹരികുമാര്‍, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി തുടങ്ങിയവര്‍ പങ്കെടുത്തു.

ലോക്ഡൗണില്‍ ആശ്വാസമായി ജനകീയ ഹോട്ടലുകള്‍

ലോക്ഡൗണ്‍ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമേകുകയാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകള്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ബുധനാഴ്ച വരെ പത്തനംതിട്ട ജില്ലയിലെ ജനകീയ ഹോട്ടലുകള്‍ വിതരണം ചെയ്തത് 96,169 ഭക്ഷണ പൊതികളാണ്. ഇതില്‍ 6371 പൊതികള്‍ ദുരിതം അനുഭവിക്കുന്ന നിര്‍ധനരായവര്‍ക്ക് സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു.
ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് 20 രൂപയും പാഴ്‌സല്‍ സംവിധാനത്തില്‍ 25 രൂപയുമാണ് ജനകീയ ഹോട്ടലുകളുടെ നിരക്ക്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നുള്ളതിനാല്‍ 25 രൂപ നിരക്കിലാണ് ജനകീയ ഹോട്ടലുകള്‍ ഇപ്പോള്‍ ഉച്ചഭക്ഷണം നല്‍കുന്നത്. 89,798 ഉച്ചഭക്ഷണ പൊതികളാണ് ഇത്തരത്തില്‍ ജില്ലയിലാകെ നല്‍കിയിട്ടുള്ളത്.
ജില്ലയില്‍ നാല് മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലുമായി 53 ജനകീയ ഭക്ഷണ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. ബുധനാഴ്ച്ച മാത്രം ജില്ലയില്‍ 6792 ഉച്ച ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു.
കുടുംബശ്രീ ജില്ലാമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ജനകീയ ഹോട്ടലുകള്‍ നടത്തുന്നത്. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, സി.ഡി.എസ് അംഗം, കുടുംബശ്രീ ജില്ലാ മിഷന്‍ അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഏഴംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ് ജനകീയ ഭക്ഷണ ശാലകളുടെ ചുമതല.
ജിലയില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലാണ് ഏറ്റവും അധികം ഉച്ചഭക്ഷണ പൊതികള്‍ വിതരണം ചെയ്തിട്ടുള്ളത്. ആറന്മുളയാണ് തദ്ദേശസ്ഥാപനങ്ങളില്‍ ഏറ്റവും അധികം ഉച്ചഭക്ഷണ പൊതികള്‍ വിതരണം ചെയ്ത ഗ്രാമപഞ്ചായത്ത്. 5045 പൊതികളാണ് പഞ്ചായത്തില്‍ വിതരണം ചെയ്തിട്ടുള്ളത്. ഉച്ചഭക്ഷണ പൊതികള്‍ക്കുപുറമെ പ്രാദേശിക നിരക്കില്‍ രാവിലെയും രാത്രിയിലും ഭക്ഷണ പൊതികള്‍ ജനകീയ ഹോട്ടലുകള്‍ വഴി വിതരണം ചെയ്യുന്നുണ്ട്.

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഡൊമിസിലറി കെയര്‍ സെന്ററിന്റെ ഉദ്ഘാടനം പ്രമോദ് നാരായണന്‍ എം.എല്‍.എ നിര്‍വഹിച്ചു. വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലാണ് നൂറു കിടക്കകളുള്ള ഡൊമിസിലറി കെയര്‍ സെന്ററായി ക്രമീകരിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സതീഷ് പണിക്കര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ അലക്‌സ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ എസ്.രമാദേവി, പൊന്നമ്മ ചാക്കോ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജി കൈപ്പുഴ, രാജി വിജയകുമാര്‍, ടി.കെ.രാജന്‍, റസി ജോഷി, പ്രസന്ന ടീച്ചര്‍, ജോയി ജോസഫ്, നഹാസ് ചാത്തന്‍തറ, സെക്രട്ടറി വി.ജെ ഗിരീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ.രാജു, സന്നദ്ധ പ്രവര്‍ത്തകരായ ജോബിന്‍ പുല്ലാട്, സാംരാജ്, അജ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് പ്രതിരോധം:ആയുര്‍വേദ മരുന്നുകളുടെ വിതരണോദ്ഘാടനം

പത്തനംതിട്ട നഗരസഭയിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നിന്നും നഗരസഭ പ്രദേശത്ത് നല്‍കുന്നതിനുള്ള ആയുര്‍വേദ മരുന്നുകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ആര്‍ അജിത്കുമാറിന് നല്‍കി നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ പി.കെ.അനീഷ്, ആര്‍.സാബു, നീനു മോഹന്‍, നഗരസഭാ സെക്രട്ടറി എസ്.ഷെര്‍ളാ ബീഗം, ആരോഗ്യ വിഭാഗം ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭാ പരിധിയില്‍ ആവശ്യമായ ആയുര്‍വേദ മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തണം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജില്ലയില്‍ ഉണ്ടായ ശക്തമായ മഴയേത്തുടര്‍ന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി ചേര്‍ന്ന അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ വിവിധ മേഖലകളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പലയിടങ്ങളിലും മതിയായ സൗകര്യം ലഭ്യമല്ല. അടിസ്ഥാന സൗകര്യങ്ങളുള്ള കൂടുതല്‍ കെട്ടിടങ്ങള്‍ കണ്ടെത്തണം. നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് പരിമിതികളുണ്ടെങ്കില്‍ അവ ദുരിതാശ്വാസ ക്യാമ്പുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
പുറമ്പോക്കുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒരു പരിധി വരെ വെള്ളപ്പൊക്കത്തിന് കാരണമാണെന്നും അവ കണ്ടെത്തി വെള്ളം ഒഴികിപ്പോകാനുള്ള ക്രമീകരണം ഒരുക്കണമെന്നും മാത്യു ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.
കോന്നി മണ്ഡലത്തില്‍ നിലവില്‍ ക്യാമ്പുകളുടെ എണ്ണം കുറവാണെങ്കിലും മതിയായ ജാഗ്രത തുടരുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ശക്തമായ മഴ പെയ്താല്‍ കോസ് വേകള്‍ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുന്നതിനായി ബോട്ട് സൗകര്യം ലഭ്യമാക്കണമെന്ന് അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് യാത്രാസൗകര്യത്തിനായി റാന്നി മണ്ഡലത്തില്‍ പാലം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, എഡിഎം ഇ. മുഹമ്മദ് സഫീര്‍, തിരുവല്ല ആര്‍ഡിഒ, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പന്തളം ബ്ലോക്ക് പഞ്ചായത്ത് പള്‍സ് ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു

പന്തളം ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്‍സ് ഓക്‌സീമീറ്റര്‍ വിതരണം ചെയ്തു. പള്‍സ് ഓക്‌സീമീറ്റര്‍ വിതരണോദ്ഘാടനം നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കോള്‍ സെന്ററിന്റെ ഉദ്ഘാടനവും നടന്നു. കോള്‍ സെന്റര്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ-സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ നിര്‍വഹിച്ചു.
പന്തളം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ 74 വാര്‍ഡുകളിലേക്ക് 222 പള്‍സ് ഓക്‌സീമീറ്ററുകളാണ് വിതരണം ചെയ്തത്. ആറന്‍മുള, പന്തളം തെക്കേക്കര, കുളനട, തുമ്പമണ്‍, മെഴുവേലി തുടങ്ങിയ പഞ്ചായത്തുകള്‍ക്കാണ് പള്‍സ് ഓക്‌സീമീറ്റര്‍ നല്‍കിയത്. പന്തളം ബ്ലോക്ക് പഞ്ചായത്തിലും വല്ലന സി.എച്ച്.സിയിലുമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ച വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫും നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പിങ്കി ശ്രീധര്‍, റോണി സഖറിയ, ചിത്തിര സി. ചന്ദ്രന്‍, ഷീജ ടി. ജോജി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ രാജന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.എസ് അനീഷ് മോന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സി.പി ലീന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോണ്‍സണ്‍ ഉള്ളന്നൂര്‍, രജിത കുഞ്ഞുമോന്‍, ജൂലി ദിലീപ്, സന്തോഷ് കുമാര്‍, വി.എം മധു, ലാലി ജോണ്‍, അനില എസ്.നായര്‍, ശോഭ മധു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.എന്‍ ജീവ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *