അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സംവിധാനം വരുന്നു
കാലവർഷത്തിൽ അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സംവിധാനം വരുന്നു . കഴിഞ്ഞ കാലത്ത് അച്ചന്‍ കോവില്‍ നദിയിലെ ജലനിരപ്പ് സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല . ദുരന്ത നിവാരണ വകുപ്പ് നല്‍കുന്ന അറിയിപ്പ് മാത്രം ആയിരുന്നു ഏക ആശ്രയം . മഴക്കാലത്ത് അച്ചന്‍ കോവില്‍ നദിയിലെ ജലനിരപ്പ് ഉയരുന്ന മുറയ്ക്ക് വേണ്ട മുന്നൊരുക്കം നടത്തുവാന്‍ ഉള്ള സംയുക്തമായ തയ്യാറെടുപ്പിലാണ് കോന്നി വനം ഡിവിഷനും അരുവാപ്പുലം ഗ്രാമപഞ്ചായത്തും . ഇന്ന് വൈകിട്ട് വേണ്ട സജീകരണങ്ങള്‍ ഒരുക്കും
പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ ആര്യങ്കാവ്, അരുവാപ്പുലം, പിറവന്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലായാണ് അച്ചൻകോവിലാറിന്‍റെ വൃഷ്ടി പ്രദേശങ്ങൾ വ്യാപിച്ചു കിടക്കുന്നത്. പത്തനംതിട്ട, കൊല്ലം ജില്ലകളെ വിഭജിച്ചുക്കൊണ്ടൊഴുകുന്ന അച്ചൻകോവിലാർ വയക്കര പാലത്തിനു ഒരു കിലോ മീറ്റർ മുകളിലായി പാടം തോടിനു സമീപം പൂർണ്ണമായും പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കുന്നു. ആവണിപ്പാറ മലപണ്ടാരം ആദിവാസി ഊരാണ് കിഴക്കൻ മേഖലയിൽ അച്ചൻകോവിലാറിൻറെ തീരത്തായി സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലെ ആദ്യ ഗ്രാമം. അച്ചൻകോവിൽ ഗ്രാമത്തിൽ നിന്നും ആവണിപ്പാറ വരെയുള്ള ആറിൻറെ ദൂരം പത്ത് കി.മീയാണ്. ആവണിപ്പാറയുടെ 1.415 കി.മി കിഴക്കായി കല്ലാർ അച്ചൻകോവിലാറുമായി കൂടി ചേരുന്നു.’
അച്ചൻകോവിലാറിന്‍റെ തീരത്തായുള്ള അടുത്ത ഗ്രാമം കൊച്ചു വയക്കരയാണ്. ആവണിപ്പാറയിൽ നിന്നും കൊച്ചു വയക്കര വരെ നദി സഞ്ചരിക്കുന്ന ദൂരം 19.636 കി.മീയാണ്. കൊല്ലം ജില്ലയിൽ നിന്നും തുറ, കടമ്പുപാറ,മണ്ണാറപ്പാറ, പാടംഎന്നീ തോടുകൾ അച്ചൻകോവിലാറ്റിൽ എത്തിച്ചേരുന്നു. പത്തനംതിട്ട ജില്ലയുടെ ഭാഗത്തു നിന്നും വരുന്ന ചെമ്പേൽ, കരിപ്പാൻതോട്, പറയൻ തോട്, പാണൻ തോട്, കൊക്കാത്തോട്, നടുവത്തുമൂഴി, നെല്ലിക്കാപ്പാറ, കുമ്മണ്ണൂർ എന്നീ തോടുകളും അച്ചൻകോവിലാറിന് ജലം പ്രദാനം ചെയ്യുന്നു.
കോന്നി വനം ഡിവിഷന്‍റെ ഭാഗമായി അച്ചന്‍ കോവില്‍ നദി ഒഴുകുന്ന തിരഞ്ഞെടുക്കപ്പെട്ട പത്ത് സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന താത്കാലിക മഴമാപിനികളും മൂന്ന് റിവർ സ്കെയിലുകളും അച്ചൻകോവിലാറിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി അറിയാൻ സഹായിക്കും.
അരുണ്‍ അരയാണി @കോന്നി വാര്‍ത്ത ഡോട്ട് കോം