പ്രവേശനോത്സവം: പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളില്‍
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം ഓണ്‍ലൈനായി നടത്തുന്നതിന് പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനതല പ്രവേശനോത്സവം ചടങ്ങുകള്‍ ചൊവാഴ്ച(ജൂണ്‍ 1) രാവിലെ 8.30ന് ആരംഭിക്കും.
സംസ്ഥാനതല പരിപാടികളുടെ സംപ്രേഷണം കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് നടക്കുക. ഇതിന് ശേഷം സ്‌കൂള്‍ തല പ്രവേശനോത്സവ പരിപാടികള്‍ ജില്ലയിലെ 690 പൊതുവിദ്യാലയങ്ങളില്‍ ഓണ്‍ലൈനായി നടക്കും.
വിദ്യാലയങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികള്‍ക്ക് പ്രയോജനകരമായ പരിപാടികള്‍ക്ക് പ്രാമുഖ്യം നല്‍കും. മുതിര്‍ന്ന ക്ലാസിലെ കുട്ടികളുടെ കലാ പരിപാടികള്‍ ഓണ്‍ലൈനായി തുടര്‍ന്ന് നടക്കും.
കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ക്ലാസ്തല പ്രവേശനോത്സവ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മന്ത്രി, എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ വിദ്യാലയങ്ങളില്‍ ഓണ്‍ലൈനായി പ്രവേശനോത്സവത്തില്‍ പങ്കെടുക്കും. ജനപ്രതിനിധികള്‍ ഇതിനകംതന്നെ സന്ദേശങ്ങള്‍ തയാറാക്കി വിദ്യാലയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രവേശനോത്സവ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് ഓണ്‍ലൈനായി സ്‌കൂള്‍ അധ്യാപകരുടെ റിസോഴ്‌സ് ഗ്രൂപ്പ് യോഗങ്ങളും സ്‌കൂള്‍ തല സംഘാടകസമിതികളും ചേര്‍ന്നിരുന്നു.
ഈ വര്‍ഷം ഇതിനകം ജില്ലയില്‍ ഒന്നാം ക്ലാസില്‍ 5114 കുട്ടികളാണ് പ്രവേശനം നേടിയിരിക്കുന്നത്. പ്രവേശന നടപടികള്‍ തുടരുന്നു. ജില്ലയില്‍ പാഠപുസ്തക വിതരണം ഇതിനകം 70 ശതമാനത്തോളം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഫസ്റ്റ്ബെല്‍ 2.0′ ഡിജിറ്റല്‍
പ്രവേശനോത്സവം ഇന്ന് (ജൂണ്‍ ഒന്ന് )
‘ഫസ്റ്റ്ബെല്‍ 2.0’ -ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിക്കുന്ന ഇന്ന് (ജൂണ്‍ ഒന്ന് )കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ വ്യത്യസ്ത മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രവേശനോത്സവ പരിപാടികളോടെ തുടക്കം കുറിക്കും. രാവിലെ എട്ട് മുതലാണ് സംപ്രേഷണം ആരംഭിക്കുന്നത്. രാവിലെ 10.30-ന് അങ്കണവാടി കുട്ടികള്‍ക്കുള്ള പുതിയ ‘കിളിക്കൊഞ്ചല്‍ ക്ലാസുകള്‍’ ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാരിയര്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ കൈറ്റ് വിക്‌ടേഴ്സിലൂടെ കുട്ടികള്‍ക്ക് ആശംസകളര്‍പ്പിക്കും.
രാവിലെ 11 മുതല്‍ യു.എന്‍ ദുരന്ത നിവാരണ വിഭാഗത്തലവന്‍ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യല്‍ പോളിസി അഡൈ്വസര്‍ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവര്‍ കുട്ടികളുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്ന് മണിവരെ ചൈല്‍ഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.
ജൂണ്‍ രണ്ട് മുതല്‍ നാലു വരെ ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം തുടങ്ങും. പ്ലസ്ടു ക്ലാസുകള്‍ ജൂണ്‍ ഏഴ് മുതലും ആരംഭിക്കും. ആദ്യ രണ്ടാഴ്ച ട്രയല്‍ അടിസ്ഥാനത്തിലാവും കൈറ്റ് വിക്ടേഴ്സിലൂടെ ക്ലാസുകള്‍ നല്‍കുക. ഈ കാലയളവില്‍ മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസുകള്‍ കാണാന്‍ അവസരമുണ്ടെന്ന് അതത് അധ്യാപകര്‍ക്ക് ഉറപ്പാക്കാനുള്ള അവസരം നല്‍കാനാണ് ആദ്യ ആഴ്ചകളിലെ ട്രയല്‍ സംപ്രേഷണം. ഈ അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടര്‍ ക്ലാസുകള്‍.
ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കാന്‍ അവസരം നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനുള്ള പ്രവര്‍ത്തനവും കൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ജൂലൈ മുതല്‍ തന്നെ ഈ സംവിധാനം നടപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുഴുവന്‍ ക്ലാസുകളും ഈ വര്‍ഷവും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ത്തന്നെ ലഭ്യമാക്കും. സമയക്രമവും പോര്‍ട്ടലില്‍ ലഭിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കൈറ്റ് സ്റ്റുഡിയോയിലെത്തി ക്ലാസുകള്‍ തയാറാക്കുന്നത് അവലോകനം ചെയ്തു.