സുരക്ഷിതത്വ ഭവനം ഒരുക്കി സുനിൽ ടീച്ചർ
കോന്നി വാര്‍ത്ത ഡോട്ട് കോം : : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 204 -ാമത്തെ സ്നേഹഭവനം വിദേശ മലയാളിയായ സുബിയുടെയും കുടുംബത്തിന്റെയും സഹായത്താൽ മണ്ണടി പാണ്ടിമലപ്പുറം മധുവിനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി.
വാസയോഗ്യമായ വീടില്ലാത്തവരെ സഹായിക്കുന്നത് എം എസ് സുനിലിന് ജീവിതചര്യ ആണെന്ന് കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. എം എസ് സുനിൽ നിർമിച്ചു നൽകിയ 204-ാം വീടിൻ്റെ താക്കോൽദാനവും ,ഉദ്ഘടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി .
കഴിഞ്ഞ് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പാണ്ടിമലപ്പുറം മൂർത്തിവിള മധുവിന്റെ മകൾ ശ്രീലക്ഷ്മിക്ക് എംബിബിഎസിന് അഡ്മിഷൻ ലഭിക്കുകയും സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം പഠനത്തിനായി സുമനസ്സുകളുടെ സഹായം തേടുകയും ചെയ്ത അവസരത്തിൽ വീടില്ലാത്ത ഇവരുടെ അവസ്ഥ മാധ്യമപ്രവർത്തകനായ ബിജുവാണ് ടീച്ചറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
പ്രായമായ അച്ഛനോടും ഭാര്യ ശ്രീകലയോടും മൂന്നു കുട്ടികളോടുമൊപ്പമാണ് കൂലിപ്പണിക്കാരനായ മധു തകർന്നു വീഴാറായ മൺകുടിലിൽ താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ സുബിയുടെ സഹായത്താൽ രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ 650 sq. Ft. വലുപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ സിന്ധു ദിലീപ്, അരുൺ കെ എസ്., കെപി ജയലാൽ., അഭിജിത്ത് എന്നിവർ പ്രസംഗിച്ചു