ദുരന്ത നിവാരണ ക്യാമ്പുകളില്‍ 24 മണിക്കുറിനുള്ളില്‍
ആന്‍റീജന്‍ പരിശോധന
ദുരന്ത നിവാരണ ക്യാമ്പുകളില്‍ 24 മണിക്കുറിനുള്ളില്‍ ആന്റിജന്‍ പരിശോധന നടത്തണമെന്ന് ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫ്‌ളഡ് പ്രോണ്‍ ഏരിയ മാപ്പിംഗ് നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ തദേശ സ്ഥാപനങ്ങളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നീക്കിവയ്ക്കണം. ദുരന്ത നിവാരണ ക്യാമ്പുകള്‍ ആരംഭിക്കുമ്പോള്‍ വില്ലേജ് ഓഫീസറെ സഹായിക്കുവാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണം. തദ്ദേശസ്ഥാപനങ്ങളിലെ കണ്‍ട്രോള്‍ റൂമുകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആളുകളെ നിയോഗിക്കണം. ക്യാമ്പുകള്‍ തുടങ്ങുന്നതിനായി കണ്ടെത്തിയ കെട്ടിടങ്ങളിള്‍ ടോയ്‌ലറ്റ് സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുകയും ടോയ്‌ലറ്റുകള്‍, ക്യാമ്പുകള്‍ എന്നിവ അടിയന്തരമായി ശുചീകരിക്കുകയും ചെയ്യണം.
കോവിഡ് 19 സാഹചര്യത്തില്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ക്യാമ്പുകള്‍ നടത്തുന്നതിനുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തണം. തദേശ സ്വയംഭരണ തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഈ പ്രദേശങ്ങളില്‍ അവശ്യ വസ്തു വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു. സി. മാത്യു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ഡിഡിപി എസ്.ശ്രീകുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.ഇ വിനോദ്, ഹരിത കേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.