വയോധികയുടെ ധീരതയ്ക്ക് പത്തനംതിട്ട ജില്ലാ പോലീസ്സിന്‍റെ ബിഗ് സല്യൂട്ട്
റോഡിലൂടെ നടന്നുപോകവേ ആക്രമിച്ച് മാല കവരാൻ ശ്രമിച്ച മോഷ്ടാവിനെ ചെറുത്തുതോൽപ്പിച്ച വയോധികയുടെ മനസ്സാന്നിധ്യത്തോടെയുള്ള ധീരപ്രവൃത്തിക്ക് പോലീസിന്റെ ആദരം.
കോയിപ്രം തെള്ളിയൂർ അനിതനിവാസിൽ രാധാമണിയമ്മ (70)യെ ആണ് ജില്ലാ പോലീസ് ആദരിച്ചത്. ജില്ലാ പോലീസ് അഡിഷണൽ എസ് പി ആർ. രാജൻ, ഇവരുടെ തെള്ളിയൂരിലുള്ള വീട്ടിലെത്തി ഇന്ന് വൈകുന്നേരം ജില്ലാപോലീസ് മേധാവിയുടെ അനുമോദന പത്രം കൈമാറി. ഏഴുമറ്റൂർ പഞ്ചായത്ത് ഓഫീസിനു സമീപം കഴിഞ്ഞ 31 നാണ് സംഭവം.
റോഡിലൂടെ നടന്നുപോയ രാധാമണിയമ്മയെ എതിരെ ബൈക്കിലെത്തിയ മോഷ്ടാവ് കഴുത്തിൽ കടന്നുപിടിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോയ അവർ, മനസാന്നിധ്യം കൈവിടാതെ കള്ളന്റെ കൈയിൽ മുറുകെ പിടിച്ചു നിർത്തുകയും മാല പറിച്ചുകടന്നുകളയാനുള്ള ശ്രമം പരാജയപ്പെടുത്തുകയുമായിരുന്നു.
നിരവധി മോഷണ കേസുകളിലും, കവർച്ച കേസുകളിലും പ്രതിയും, പോലീസിന് എന്നും തലവേദനയുമായ ബിനു തോമസ് ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. വാഹനങ്ങൾ മോഷ്ടിക്കുന്നതും ഹരമാണ് ഇയാൾക്ക്. സഹായിക്കാൻ ആരുമില്ലാത്ത ചുറ്റുപാടിലും മനസാന്നിധ്യം കൈവിടാതെയും കള്ളന്റെ പിടി വിടുവിക്കാതെയും കീഴടക്കാൻ കാട്ടിയ ആത്മധൈര്യo സമൂഹത്തിന് മുഴുവനും വിശിഷ്യാ സ്ത്രീസമൂഹത്തിന് ആവേശവും പ്രചോദനവും പകർന്നുനൽകുന്നതാണെന്ന ജില്ലാ പോലീസ് മേധാവിയുടെ സന്ദേശമടങ്ങിയ അനുമോദനപ്പത്രമാണ് അഡിഷണൽ എസ് പി സമ്മാനിച്ചത്. മോഷ്ടാവിന്റെ ആക്രമണത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരെ പൂർണമായും മുക്തമായിട്ടില്ലാത്ത രാധാമണിയമ്മ പോലീസിന്റെ വലിയ സമ്മാനത്തിൽഏറെ അഭിമാനം കൊള്ളുകയാണ്. മുതിർന്ന പോലീസുദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി അനുമോദനങ്ങൾ കലവറയില്ലാതെ ചൊരിഞ്ഞതിന്റെ ആവേശത്തിലും ത്തഹ്ലാദത്തിലുമാണ് ഈ വയോധിക.