പത്തനംതിട്ട ജില്ലയിലെ പച്ചത്തുരുത്തുകള്‍ക്ക് ഇന്ന് രണ്ടു വയസ്സ്
പരിസ്ഥിതി ദിനത്തില്‍ പുതിയ 12 പച്ചത്തുരുത്തുകള്‍
പത്തനംതിട്ട ജില്ലയില്‍ 18.51 ഏക്കറിലായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായാണ് ജൈവകലവറയായ 101 പച്ചത്തുരുത്തുകള്‍ ഒരുക്കിയിരിക്കുന്നത്. 2019 ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ ആരംഭിച്ചതാണ് പച്ചത്തുരുത്ത് പദ്ധതി. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ മുല്ലോട്ട് ഡാമിന്റെ പരിസരത്ത് ആണ് ജില്ലയിലെ ആദ്യ പച്ചത്തുരുത്ത് ആരംഭിച്ചത്. നിലവില്‍ 8600 ല്‍ അധികം തൈകളാണ് 101 പച്ചത്തുരുത്തുകളിലായി ഉള്ളത്.
മുഴുവന്‍ വാര്‍ഡുകളിലും പച്ചത്തുരുത്ത് ഒരുക്കി കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് എന്ന നേട്ടം സ്വന്തമാക്കി. ആയുര്‍വേദ സസ്യങ്ങളും വൃക്ഷങ്ങളും നിറഞ്ഞ മലയാലപ്പുഴ ആയുര്‍വേദ പച്ചത്തുരുത്ത്, അച്ചന്‍ കോവിലാറിന്റെ തീരത്ത് സ്ഥാപിച്ച ഓമല്ലൂര്‍ ആറ്റരികം പച്ചത്തുരുത്ത് ദേശീയ നിലവാരത്തിലേക്ക് എത്തുന്ന രീതിയിലാണ്.
പ്ലാവ്, മാവ്, കുടംപുളി, വാളന്‍ പുളി, നെല്ലി, അരിനെല്ലി, കമ്പകം, ഞാവല്‍, ആര്യവേപ്പ്, കരിവേപ്പ്, നാരകം, നാഗമരം, വയണ, മാതളനാരകം, മൂട്ടിപ്പഴം, സീതപ്പഴം, ഇലഞ്ഞി, പേര, മുള, നെന്‍മേനിവാക, കൂവളം, കണിക്കൊന്ന, നീര്‍മരുത്, കരിങ്ങാലി, അശോകം, ദന്തപ്പാല, വേങ്ങ, പൂവരശ്, കുന്നിവാക, വെട്ടി, ഉതി, കരിഞ്ഞൊട്ട, ഇഞ്ച, ഉങ്ങ്, ചമത, കുളമാവ്, കറുവ, അത്തി, കുമിഴ്, കുടകപ്പാല, മരോട്ടി, മുരിങ്ങ, ജാതി, ചെറുതേക്ക്, മണിമരുത്, ഇലിപ്പ, താന്നി, കസ്തൂരിവെണ്ട, കടലാടി, ആടലോടകം, ചെറൂള, കറ്റാര്‍വാഴ, ചിറ്റരത്ത, കിരിയാത്ത്, ബ്രഹ്‌മി, വെളള മന്ദാരം, എരുക്ക്, ചെറുനാരകം, തെറ്റി, പാണല്‍, പാരിജാതം, നീല അമരി, വാതംകൊല്ലി, കച്ചോലം, മൈലാഞ്ചി, തുമ്പ, രാമതുളസി, തുളസി, കുറുന്തോട്ടി, കരിങ്കുറിഞ്ഞി, രാമച്ചം, തഴുതാമ, കരിനൊച്ചി, തിപ്പലി, പനിക്കൂര്‍ക്ക, മുഞ്ഞ തുടങ്ങി വിവിധ ഇനം വൃക്ഷങ്ങളും സസ്യങ്ങളും ജില്ലയിലെ പച്ചത്തുരുത്തുകളില്‍ ഉണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും ഈ ചെറുതുരുത്തുകള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകും. കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.
പെരിങ്ങര മാതൃകാ പച്ചത്തുരുത്ത്
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി പുന:സ്ഥാപന പ്രവര്‍ത്തനങ്ങള്‍ നടത്തി കേരളത്തിന് തന്നെ മാതൃകയായി സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ പച്ചത്തുരുത്താണ് പെരിങ്ങരയില്‍. പ്രകൃതിയോടുളള കരുതലുമായി ജൈവവൈവിധ്യത്തിന്റെ നിറവില്‍ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ ഹൈസ്‌കൂളില്‍ 76.6 സെന്റിലായാണ് മാതൃകാ പച്ചത്തുരുത്ത് നിര്‍മ്മിക്കുന്നത്. 250 ഓളം ഇനത്തില്‍പ്പെട്ട സസ്യങ്ങളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ക്ലാസ് മുറികളും സജ്ജീകരിച്ച് ദേശീയ നിലവാരത്തിലേക്ക് ഉയരുന്ന തലത്തിലുളള ബയോപാര്‍ക്കാണ് മാതൃകാ പച്ചത്തുരുത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ പരിസ്ഥിതി ദിനത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് രണ്ടു വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ജില്ലയില്‍ പുതിയ 12 പച്ചത്തുരുത്തുകളാണ് ഒരുങ്ങുന്നത്. കുറ്റൂര്‍, കവിയൂര്‍, തണ്ണിത്തോട്, കടമ്പനാട്, ഏനാദിമംഗലം, തുമ്പമണ്‍, റാന്നി, റാന്നി പെരുനാട്, കോന്നി, മെഴുവേലി, പന്തളം തെക്കേക്കര, പത്തനംതിട്ട നഗരസഭ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ഈ വര്‍ഷം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുതിയ പച്ചത്തുരുത്തുകള്‍ ഒരുങ്ങുന്നത്.
പത്തനംതിട്ട നഗരസഭയിലെ പുതിയ പച്ചത്തുരുത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പച്ചത്തുരുത്ത് നവീകരണപദ്ധതി രാവിലെ 10.30 നും തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്ത് രാവിലെ 11നും നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കുറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ നവീകരണപദ്ധതി ഉച്ചകഴിഞ്ഞ് മൂന്നിനും കുന്നന്താനം നവീകരണ നവീകരണ പദ്ധതി വൈകുന്നേരം നാലിനും മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ വൈകിട്ട് നാലിന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എയും ഉദ്ഘാടനം നിര്‍വഹിക്കും. ഇലന്തൂര്‍ ബ്ലോക്കിലെ പച്ചത്തുരുത്ത് നവീകരണപദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. ബാക്കിയുള്ള സ്ഥലങ്ങളില്‍ അതാത് തദ്ദേശസ്വയംഭരണതല അധ്യക്ഷന്മാര്‍ തൈ നട്ട് പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്യും.
ഇതുകൂടാതെ നിലവില്‍ ജില്ലയിലുള്ള മുഴുവന്‍ പച്ചത്തുരുത്തുകളിലും നഷ്ടമായ തൈകള്‍ റീപ്ലാന്റ് ചെയ്തു ഗ്യാപ്പ് ഫില്ലിംഗ് നടത്തുന്ന പച്ചത്തുരുത്ത് നവീകരണ പദ്ധതിയും അന്നേദിവസം ഉണ്ടായിരിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് പച്ചത്തുരുത്ത് സ്ഥാപിക്കുന്നത്. പച്ചത്തുരുത്തിനാവശ്യമായുള്ള തൈകള്‍ സാമൂഹ്യ വനവത്ക്കരണ വിഭാഗത്തില്‍ നിന്നുമാണ് ലഭ്യമാക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പച്ചത്തുരുത്തുകളുടെ സംരക്ഷണവും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും ഈ ചെറുതുരുത്തുകള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകും. കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷിവകുപ്പ്, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യ വനവത്ക്കരണ വിഭാഗം, ജൈവവൈവിധ്യ ബോര്‍ഡ്, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നത്.
പച്ചത്തുരുത്ത് നവീകരണ പദ്ധതിക്കായും പുതിയ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്നതിനായും 10000 തൈകലാണ് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ മാത്തൂര്‍, കലഞ്ഞൂര്‍ നഴ്‌സറികളില്‍ ലഭ്യമാക്കിയിട്ടുള്ളത്. ലോക പരിസ്ഥിതി ദിനത്തില്‍ ഒരു തൈ നടുക എന്നതിലുപരി മുന്‍വര്‍ഷങ്ങളില്‍ നട്ട തൈകള്‍
സംരക്ഷിക്കുക എന്നത് കൂടിയാണ് ഹരിത കേരളം മിഷന്‍ പച്ചത്തുരുത്ത് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത് എന്നും പരിപാടികള്‍ എല്ലാം തന്നെ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്നതാണ് എന്നും ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ രാജേഷ് പറഞ്ഞു.
ലോക പരിസ്ഥിതി ദിനത്തില്‍ ഹരിതകേരളം മിഷന്‍
445 പുതിയ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി (ജൂണ്‍ 5 ന്)ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 445 പുതിയ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍, എം.എല്‍.എ. മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷര്‍ എന്നിവര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഹരിതകര്‍മ്മസേനാംഗങ്ങളും പങ്കെടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി.
തിരുവനന്തപുരം 32, കൊല്ലം 75, പത്തനംതിട്ട 12, ആലപ്പുഴ 7, കോട്ടയം 30, ഇടുക്കി 7, എറണാകുളം 5, തൃശൂര്‍ 30, പാലക്കാട് 88, മലപ്പുറം 20, കോഴിക്കോട് 20, വയനാട് 2, കണ്ണൂര്‍ 30, കാസര്‍ഗോഡ് 88 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും ആരംഭിക്കുന്ന പുതിയ പച്ചത്തുരുത്തുകള്‍.
1400 ലധികം പച്ചത്തുരുത്തുകള്‍ നിലവില്‍ സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു വര്‍ഷം മുതല്‍ ആറു മാസം വരെ കാലം പിന്നിട്ടവയുണ്ട്. പരിപാലനത്തിന്റെ ഭാഗമായി പച്ചത്തുരുത്തുകളില്‍ നശിച്ചുപോയ ചെടികളുടെ സ്ഥലത്ത് പുതിയവ നട്ടു പിടിപ്പിക്കുന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
വൃക്ഷവല്‍ക്കരണ പരിപാടി എന്നതിലുപരി ജൈവ വൈവിധ്യ സംവിധാനത്തെ സാമൂഹ്യ ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ച് പരിപാലിക്കാനാണ് പച്ചത്തുരുത്തുകളിലൂടെ ലക്ഷ്യമിടുന്നത്. അര സെന്റ് മുതല്‍ എത്ര ഭൂമിവരെയുമുള്ള സ്ഥലത്ത് പ്രാദേശിക ജൈവ വൈവിധ്യത്തിന് പ്രധാന്യം നല്‍കിയുള്ള സസ്യങ്ങള്‍ നട്ട് പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കാം. പക്ഷികളും ശലഭങ്ങളും വിവിധയിനം കൂണുകളും വള്ളിച്ചെടികളുമായി ഇതിനകംതന്നെ പല പച്ചത്തുരുത്തുകളും ചെറു ജൈവ വൈവിധ്യം സൃഷ്ടിച്ചിട്ടുണ്ട്. ഭാവിയില്‍ ഇവ ജൈവ വൈവിധ്യ ആവാസ കേന്ദ്രങ്ങളായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ‘ആവാസ വ്യവസ്ഥകളുടെ പുനഃസ്ഥാപനം’ എന്ന ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിന ചിന്താ വിഷയത്തെ അന്വര്‍ത്ഥമാക്കുകയാണ് കേരളത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ പച്ചത്തുരുത്തുകള്‍.