ജൂണ്‍ 5 : ലോക പരിസ്ഥിതിദിനം

ജൂണ്‍ 5 : ലോക പരിസ്ഥിതിദിനം – ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനത്തിന്

പുനഃസംഘൽപ്പിക്കുക, പുനഃനിർമ്മിക്കുക, പുനഃസ്ഥാപിക്കുക’ എന്നതാണ് 2021 പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം. ആവാസവ്യവസ്ഥ പുനസ്ഥാപിക്കാനുള്ള പതിറ്റാണ്ടിൻ്റെ തുടക്കമായാണ് ഈ പരിസ്ഥിതി ദിനത്തെ ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്.

ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന്റെ (2021-2030) ഔദ്യോഗിക സമാരംഭവും ഇന്നേ ദിവസമാണ്. ആവാസവ്യവസ്ഥ എന്നു പറഞ്ഞാല്‍ എന്താണന്നും അവ എങ്ങനെ പുന സ്ഥാപിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട ദിവസം കൂടിയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം.

ആവാസവ്യവസ്ഥ എന്നാല്‍?
സസ്യങ്ങൾ, മൃഗങ്ങൾ, മറ്റ് ജീവികൾ എന്നിവ സമൂഹമായി, ഭൂപ്രകൃതിയുടെയും പരിസ്ഥിതിയിലെ ജീവനില്ലാത്ത മറ്റ് ഘടകങ്ങളുമായി സംയോജിച്ച് ഒരു വ്യവസ്ഥയായി ഇടപഴകുകയും പരസ്പരം ഇഴ ചേര്‍ന്ന് ഒത്തുചേരുകയും ചെയ്യുന്ന സ്ഥലമാണ് ആവാസവ്യവസ്ഥ അഥവാ ഇക്കോസിസ്റ്റം.

ആവാസവ്യവസ്ഥകൾ ഒരു വനം പോലെ വലുതായിരിക്കാം, അല്ലെങ്കിൽ ഒരു കുളം പോലെ ചെറുതാകാം. പലതും മനുഷ്യനിലനില്‍പ്പിന് നിർണ്ണായകമാണ്. ജനങ്ങള്‍ക്ക് വെള്ളം, ഭക്ഷണം, നിർമ്മാണ സാമഗ്രികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ആവാസവ്യവസ്ഥകളില്‍ നിന്നു ലഭിക്കുന്നു. കാലാവസ്ഥാ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ പാരിസ്ഥിതിക സേവനങ്ങളും ഇവ നൽകുന്നു. സമീപദശകങ്ങളിൽ, മനുഷ്യരുടെ വിഭവങ്ങളോടുള്ള ആര്‍ത്തി പല ആവാസവ്യവസ്ഥകളെയും തകര്‍ച്ചയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ് എന്ന കാര്യം നാം ഓര്‍ക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *