വന സമ്പത്ത് കൊണ്ട് പേരുകേട്ട പത്തനംതിട്ടയ്ക്ക് ജൈവവൈവിധ്യത്തിന്റെ കലവറയായ പച്ചത്തുരുത്തുകള്‍ ഒരു അലങ്കാരം തന്നെയാണ്. നിലവിലുള്ള 101 പച്ചത്തുരുത്തുകള്‍ക്ക് പുറമേ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 20 പുതിയ പച്ചത്തുരുത്തുകള്‍ക്കാണ് ഈ പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ തുടക്കം കുറിച്ചിട്ടുള്ളത്. ഇതുകൂടാതെ നിലവില്‍ ജില്ലയിലുള്ള പച്ചത്തുരുത്തുകളില്‍ നഷ്ടമായ തൈകള്‍ റീപ്ലാന്റ് ചെയ്ത് ഗ്യാപ്പ് ഫില്ലിംഗ് നടത്തുന്ന പച്ചത്തുരുത്ത് നവീകരണ പദ്ധതിയും നടത്തി.
തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ മുട്ടം ഗവണ്‍മെന്റ് സ്‌കൂളില്‍ ആരംഭിച്ച പുതിയ പച്ചത്തുരുത്തിന്റെയും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലെ പച്ചത്തുരുത്ത് നവീകരണ പദ്ധതിയുടെയും ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവയെ നേരിടാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മനുഷ്യരും ഓരോ മരം നട്ടുകൊണ്ട് ഭൂമിയെ സംരക്ഷിക്കുക, ഭാവി തലമുറയ്ക്ക് ശുദ്ധവായു ശ്വസിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നിങ്ങനെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോകുകയാണു വേണ്ടത്. അത് ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലെയും കുന്നന്താനം ഗ്രാമപഞ്ചായത്തിലെ ഡിവിഎല്‍പി സ്‌കൂളിലെയും പച്ചത്തുരുത്ത് നവീകരണ പദ്ധതിയും കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ പച്ചത്തുരുത്ത് ഉദ്ഘാടനവും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു.
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ബഥനി ഹൈസ്‌കൂളിലെ പുതിയ പച്ചത്തുരുത്ത് ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലെ പച്ചത്തുരുത്ത് നവീകരണ പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. പത്തനംതിട്ട നഗരസഭയില്‍ വാര്‍ഡ് 25 ലെ കല്ലറകടവില്‍ പുതിയ പച്ചത്തുരുത്ത് ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. കവിയൂര്‍ ഗ്രാമപഞ്ചായത്തില്‍ മുണ്ടിയപ്പള്ളി സിഎംഎസ് സ്‌കൂളില്‍ സിനിമാ താരം പ്രശാന്ത് അലക്‌സാണ്ടര്‍ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു.
പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ തദ്ദേശസ്വയംഭരണ അധ്യക്ഷന്മാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
‘ആവാസ വ്യവസ്ഥകളുടെ പുനഃസ്ഥാപനം’ എന്ന ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിന ചിന്താവിഷയത്തെ അന്വര്‍ത്ഥമാക്കുകയാണ് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ പച്ചത്തുരുത്തുകള്‍.
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷിവകുപ്പ്, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യ വനവത്ക്കരണ വിഭാഗം, ജൈവവൈവിധ്യ ബോര്‍ഡ്, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നത്.