കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം ചെയ്ത 28 പേരെ അറസ്റ്റ് ചെയ്തു : വ്യാപക പരിശോധന

 

സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പോലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. ഓപ്പറേഷൻ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച വെളുപ്പിനാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.

സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ്, ലാപ്ടോപ്, കമ്പ്യൂട്ടര്‍ എന്നിവ ഉള്‍പ്പെടെ 429 ഉപകരണങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഉള്ള ഉപകരണങ്ങളാണിവ. ഇവയില്‍ പലതിലും അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്.

അറസ്റ്റിലായവരില്‍ പലരും ഐ.ടി മേഖലയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണ്. അതുകൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവര്‍ ദൃശ്യങ്ങള്‍ അയച്ചിരുന്നതും സ്വീകരിച്ചിരുന്നതും. ഉപകരണങ്ങളില്‍ നിന്ന് ലഭിച്ച ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്ന് പലരും കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും റെയ്ഡില്‍ കണ്ടെത്താനായി.

ഓപ്പറേഷന്‍ പി-ഹണ്ട് എന്ന പേരില്‍ പോലീസ് റെയ്ഡ് വ്യാപകമാക്കിയതോടെ വാട്ട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളില്‍ ദൃശ്യങ്ങള്‍ കണ്ടശേഷം ആധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ അവ മായ്ച്ചുകളയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ കാണുന്ന ഫോണുകള്‍ മൂന്നുദിവസത്തിലൊരിക്കല്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്യുന്നു. കുട്ടികളുമായുള്ള ലൈംഗികദൃശ്യങ്ങള്‍ പണം നല്‍കി ലൈവ് ആയി കാണാന്‍ അവസരം ഒരുക്കുന്ന ലിങ്കുകള്‍ നിലവിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

സൈബര്‍ ഡോം, കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ സെന്‍റര്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ നിരീക്ഷണങ്ങളെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് സംഘടിപ്പിച്ചത്. സൈബര്‍ ഡോം ഓപ്പറേഷന്‍സ് ഓഫീസര്‍ എ. ശ്യാം കുമാര്‍, സൈബര്‍ ഡോം സ്ക്വാഡ് ഉദ്യോഗസ്ഥരായ ആര്‍.യു. രഞ്ജിത്, ജി. എസ്. അനൂപ്, എസ്.എസ് വൈശാഖ്, ആര്‍. അരുണ്‍രാജ്, അക്ഷയ് സന്തോഷ് എന്നിവരും വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സംഘമാണ് വിവിധ ജില്ലകളില്‍ റെയ്ഡ് നടത്തിയത്.

നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രൂപ്പുകളും ചാനലുകളും ശ്രദ്ധയില്‍പ്പെടുന്നവര്‍ എത്രയും വേഗം പോലീസിനെ അറിയിക്കണമെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *