ജലജന്യ, കൊതുക്ജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: പത്തനംതിട്ട ഡിഎംഒ

ജലജന്യ, കൊതുക്ജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: പത്തനംതിട്ട ഡിഎംഒ

മഴക്കാലത്ത് ജലജന്യ, കൊതുക്ജന്യ രോഗ വ്യാപന സാധ്യതയുളളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എ.എല്‍ ഷീജ അറിയിച്ചു. പത്തനംതിട്ട ജില്ലയുടെ പലഭാഗങ്ങളിലും ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡ് രോഗബാധയോടൊപ്പം മറ്റു പകര്‍ച്ച വ്യാധികളും വ്യാപകമായാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകും. അതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ കൊതുക്, എലി, ഈച്ച എന്നിവ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ഡിഎംഒ അഭ്യര്‍ഥിച്ചു.

ഡെങ്കിപ്പനി

ശുദ്ധജലത്തില്‍ മുട്ടയിട്ടു പെരുകുന്ന ഈഡിസ് വിഭാ ഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. കടുത്തപനി, തലവേദന, ശരീരവേദന, കണ്ണിന് പിന്നില്‍ വേദന, പേശികള്‍ക്കും സന്ധികള്‍ക്കും വേദന, രുചിയില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
മഴ ശക്തമായതോടെ ജില്ലയില്‍ കൊതുകുകളുടെ സാന്ദ്രത വളരെ കൂടുതലാണ്. പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളിലും മലയാലപ്പുഴ, ചിറ്റാര്‍, മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങല്‍, കൊറ്റനാട് പഞ്ചായത്തുകളിലെ പല വാര്‍ഡുകളിലും കൊതുകുകളുടെ സാന്ദ്രത വളരെ കൂടുതലാണ്.
പത്തനംതിട്ട ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ അഞ്ചു പേര്‍ക്ക് ഡെങ്കിപനി സ്ഥിരീകരിച്ചിട്ടുണ്ട്. 31 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും ഉണ്ടായിട്ടുണ്ട്. കൊതുക് നിയന്ത്രണ പ്രവര്‍ത്ത നങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ് ഡെങ്കിപ്പനി പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം. വീടിനുളളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം.എല്ലാ ഞായറാഴ്ചകളിലും വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം.

എലിപ്പനി

മൃഗങ്ങളുടെയും എലിയുടെയും മൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി. കടുത്ത പനി, തലവേദന, പേശിവേദന, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. ആരംഭഘട്ടത്തില്‍ ചികിത്സിക്കാതിരുന്നാല്‍ ഇത് വൃക്ക, കരള്‍, ശ്വാസകോശം, തലച്ചോറ് തുടങ്ങിയ ആന്തരിക അവയവങ്ങളെ ബാധിക്കുകയും മരണത്തിനു കാരണമാകുകയും ചെയ്‌തേക്കാം.
തൊലിയിലുളള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു ശരീരത്തില്‍ പ്രവേശിക്കാം. ജില്ലയില്‍ എലിപ്പനി മൂലമുളള അഞ്ച് സംശയാസ്പദ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്തനംതിട്ട, തിരുവല്ല, പന്തളം മുനിസിപ്പാലിറ്റികള്‍, ചാത്തങ്കരി, ചെന്നീര്‍ക്കര, ഇലന്തൂര്‍, കൂടല്‍, കുന്നന്താനം, റാന്നി പെരുനാട് പഞ്ചായത്തുകളിലും എലി പനി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെളളത്തിലോ, മലിനജല പരിസരങ്ങളിലും ഇറങ്ങുന്നവര്‍ കൈയ്യുറ, ഗംബൂട്ടുകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവരും, മലിന ജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്‌സി സൈക്ലിന്‍ ഗുളിക 200 എം.ജി (100 എം.ജി യുടെ രണ്ട് ഗുളിക) ആഴ്ചയിലൊരിക്കല്‍ കഴിക്കണം.ഡോക്‌സി സൈക്ലിന്‍ ഗുളിക എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്.
കോവിഡ് കാലമായതിനാല്‍ പനി, മറ്റ് രോഗലക്ഷണങ്ങളോ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളില്‍ തന്നെ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *