എഡ്യൂ-കെയര്‍ പദ്ധതിയിലേക്ക് 50 മൊബൈല്‍ ഫോണുകള്‍ നല്‍കി മാതൃകയായി സീതത്തോട്ടിലെ കുടുംബം

എഡ്യൂ-കെയര്‍ പദ്ധതിയിലേക്ക് 50 മൊബൈല്‍ ഫോണുകള്‍ നല്‍കി മാതൃകയായി സീതത്തോട്ടിലെ കുടുംബം

അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി നടപ്പാക്കിയ എഡ്യൂ-കെയര്‍ പദ്ധതിയിലേക്ക് 50 മൊബൈല്‍ ഫോണുകള്‍ നല്കി സീതത്തോട്ടിലെ കുടുംബം മാതൃകയായി.

സീതത്തോട് മുള്ളാനില്‍ വീട്ടില്‍ പരതേരായ കുഞ്ഞച്ചന്റെയും മേരിക്കുട്ടിയുടെയും ഓര്‍മ്മയ്ക്കായി മക്കളായ രാജന്‍, റൂബി എന്നിവര്‍ ചേര്‍ന്നാണ് 50 ഫോണുകള്‍ പദ്ധതിയിലേക്ക് നല്കിയത്. ഫോണുകള്‍ സീതത്തോട് പഞ്ചായത്ത് ഓഫീസില്‍ എത്തിച്ച് മകന്‍ രാജനാണ് എംഎല്‍എയ്ക്ക് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് ജോബി. ടി. ഈശോ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എം. മനോജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഫോണുകള്‍ കൈമാറിയത്.

നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ എഡ്യൂ കെയര്‍ – ഇ ലേണിംഗ് ചലഞ്ച് എന്ന പേരിലാണ് എംഎല്‍എ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ലഭ്യമാക്കി നല്കുകയും നെറ്റ് വര്‍ക്ക് കവറേജ് ലഭ്യമല്ലാത്ത പ്രദേശത്ത് കവറേജ് ലഭ്യമാക്കി നല്കുകയും ചെയ്യുന്ന പദ്ധതിയാണിത്. പദ്ധതിയിലേക്ക് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും മൊബൈല്‍ ഫോണ്‍ വാങ്ങി നല്കാം. ഇങ്ങനെ ലഭിക്കുന്ന ഫോണുകള്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് എംഎല്‍എ എത്തിച്ചു നല്കും.

പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്കുകയോ, ഒന്നിലധികം ഫോണുകളുള്ളവര്‍ക്ക് ഉപയോഗയോഗ്യമായ സ്മാര്‍ട്ട് ഫോണുകള്‍ നല്കുകയോ ചെയ്യാം. പദ്ധതിയിലേക്ക് പണം സ്വീകരിക്കുകയില്ല. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഉപകരണങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികളുടെ ലിസ്റ്റ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ എംഎല്‍എയ്ക്ക് രേഖാമൂലം നല്കിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കാണ് എംഎല്‍എ സ്മാര്‍ട്ട് ഫോണ്‍ നല്കുന്നത്. ഹെഡ്മാസ്റ്റര്‍മാര്‍ നല്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാകുന്നതോടെ ഓണ്‍ലൈന്‍ പഠന സൗകര്യം കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ കുട്ടികള്‍ക്കും ലഭിക്കും.

നെറ്റ് വര്‍ക്ക് കവറേജിന്റെ പ്രശ്നമുള്ളിടത്ത് കവറേജ് ലഭ്യമാക്കി നല്കുന്നതും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇതിനായി സേവനദാദാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കും. പദ്ധതിയിലേക്ക് സഹായവുമായി നിരവധി ആളുകള്‍ വിളിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. പഠന സൗകര്യമില്ലാത്തവരായി നമ്മുടെ നാട്ടില്‍ ഒരു കുട്ടി പോലും ഉണ്ടാകാന്‍ പാടില്ല. അതിനായി സുമനസുകളായ എല്ലാവരുടെയും സഹായം അഭ്യര്‍ഥിക്കുന്നതായും എംഎല്‍എയും പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് ആക്ലേത്തും പറഞ്ഞു.

 

 

ജില്ലയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും

പത്തനംതിട്ട ജില്ലയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും മികച്ച ഡിജിറ്റില്‍ പഠന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകളുമായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പഠന സൗകര്യം അടിയന്തരമായി ലഭ്യമാക്കുന്നതിനും കുട്ടികളുടെ ഡിജിറ്റല്‍ ക്ലാസ് പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഈ മാസം 10നുള്ളില്‍ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിലും വിദ്യാഭ്യാസ സമിതി യോഗങ്ങള്‍ ചേരണം. അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വരുന്ന പൊതുവിദ്യാലയങ്ങളില്‍ നിന്നും സൗകര്യങ്ങള്‍ ഒരുക്കിനല്‍കേണ്ട കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യണം.

ഇന്റര്‍നെറ്റ് ലഭ്യത, വൈദ്യുതി വിതരണം തുടങ്ങിയ ദീര്‍ഘകാല പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ നടപടികള്‍ സ്വീകരിക്കും. പഠന സാമഗ്രികള്‍ വിതരണം ചെയ്യുവാന്‍ സ്‌പോണ്‍സര്‍മാരുടെ സേവനം ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ സഹകരണ ബാങ്കുകളുടെ സേവനവും ലഭ്യമാക്കണം. ജില്ലയിലെ 143 പഠന സഹായ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. പഠനവുമായി ബന്ധപ്പെട്ട് മലയോര, വന മേഖലകളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും. ജില്ലാ കുടുംബശ്രീ മിഷന്‍ മുഖേന കുടുംബശ്രീ അംഗങ്ങളുടെ വീട്ടില്‍ ഡിജിറ്റല്‍ പഠനത്തിനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തും.

കുട്ടികളുടെ പഠന കാര്യങ്ങള്‍ വിലയിരുത്താന്‍ ഈ മാസം പത്താം തീയതിക്കുള്ളില്‍ പിടിഎ മീറ്റിങ്ങുകള്‍ കൂടണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ മികച്ചതാക്കാന്‍ രക്ഷിതാക്കളുടെ ഇടപെടല്‍ വളരെ വലുതാണ്. രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ ഡിജിറ്റല്‍, ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സുമനസുള്ളവര്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാന്‍ സന്നദ്ധരായി മുന്‍പോട്ട് വരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദ്യര്‍ഥിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പ്രസീന രാജ്, ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാ ദേവി, വി.എച്ച്.എസ്.സി അസിസ്റ്റന്റ് ഡയറക്ടര്‍ സജി ഇടിക്കുള, കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്.സുദേവ്, സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ പി.എസ് സിന്ധു, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി വേണു ഗോപാലന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജേഷ്.എസ്. വള്ളിക്കോട്, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍, അക്ഷയ ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഷിനു, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *