റാന്നി മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കും

റാന്നി മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കും

2024 ആകുമ്പോഴേക്കും റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ എത്തിക്കുമെന്ന് വാട്ടര്‍ അതോരിറ്റി അധികൃതര്‍ അറിയിച്ചു. റാന്നിയിലെ കുടിവെള്ള വിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ജലവിഭവ വകുപ്പിന്റെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

220 കോടി രൂപയുടെ പ്രവര്‍ത്തികളാണു നടന്നുവരുന്നത്. നിലവില്‍ 25,000 വാട്ടര്‍ കണക്ഷനുകള്‍ ഉണ്ട്. പുതുതായി 440 കോടി രൂപയുടെ പ്രോജക്റ്റുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവഴി 31,000 കണക്ഷനുകള്‍ റാന്നിയില്‍ നല്‍കാനാകും.

അത്തിക്കയം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം മാര്‍ച്ച് മാസത്തോടെ തീരും. മണ്ഡല-മകരവിളക്കിന് മുമ്പ് നിലയ്ക്കല്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു. ഈ പദ്ധതിയിലെ വെള്ളം ളാഹ, മണക്കയം വരെ എത്തിക്കാന്‍ നടപടി സ്വീകരിക്കണം. അങ്ങാടി, വെച്ചുച്ചിറ പഞ്ചായത്തുകളില്‍ കിഫ്ബി വഴി നടക്കുന്ന പൈപ്പിടീല്‍ പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിച്ച് ജല വിതരണം നടത്താന്‍ യോഗത്തില്‍ തീരുമാനമായി.

അങ്ങാടി-കൊറ്റനാട് കുടിവെള്ള പദ്ധതിക്ക് 70 കോടി രൂപയുടെ പുതിയ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) നല്‍കിയിട്ടുണ്ട്. ഇതിന് ഭരണാനുമതി(എ.എസ്) ലഭിച്ചാല്‍ ഉടന്‍തന്നെ ഒരുമാസത്തിനകം നിര്‍മാണം ടെന്‍ഡര്‍ ചെയ്യാനാകും.

ചെറുകോല്‍-റാന്നി-നാരങ്ങാനം ജലവിതരണ പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. മേജര്‍ കുടിവെള്ള പദ്ധതി കാഞ്ഞിരത്താ മലയിലേക്കു നീട്ടും. കുടിവെള്ളം എത്താത്ത ഇട മുറിയില്‍ പെരുന്തേനരുവി പദ്ധതിയില്‍നിന്നു വെള്ളമെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. നീരാട്ട് കാവ് പുതിയ പദ്ധതിയുടെ സാധ്യത പരിശോധിക്കും. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാത യുടെ നിര്‍മ്മാണം മൂലം പൈപ്പ് തകര്‍ന്നു വിതരണം മുടങ്ങിക്കിടക്കുന്ന ഭാഗങ്ങളില്‍ കുടിവെള്ള വിതരണം ഉടന്‍ ആരംഭിക്കാനും എംഎല്‍എ നിര്‍ദ്ദേശിച്ചു. വാട്ടര്‍ അതോറ്റി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രകാശ് ഇടുക്കളയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *