ശനി, ഞായര്‍ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ട്രിപ്പിള്‍ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവ കര്‍ശനമായി നടപ്പിലാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പോയി പാര്‍സല്‍ വാങ്ങാന്‍ അനുവദിക്കില്ല, ഹോം ഡെലിവറി മാത്രം. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ബേക്കറികള്‍ക്കും ഈ സമയം വരെ പ്രവര്‍ത്തിക്കാം വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, ടെലികോം ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാം.

ഭക്ഷ്യോത്പ്പന്നങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറി പാല്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ രാത്രി ഏഴു വരെ പാര്‍സലായി കച്ചവടം നടത്താം. അത്യാവശ്യ യാത്രകള്‍ക്കായി വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവടങ്ങളിലേക്ക് പോകുകയും വരികയും ചെയ്യാം. എന്നാല്‍ യാത്രാരേഖകള്‍ കരുതേണ്ടതാണ്. വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നവര്‍, രോഗികളുടെ കൂട്ടിരുപ്പുകാര്‍ തുടങ്ങിയവര്‍ക്കും രേഖകള്‍ കാണിച്ച് യാത്ര ചെയ്യാവുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചശേഷം നടത്താം. ഈ ദിവസങ്ങളില്‍ വിലക്കുകള്‍ ലംഘിച്ച് ആരും അനാവശ്യ യാത്രകള്‍ക്ക് മുതിരരുതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 245 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 184 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 22 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഒരു കടയ്‌ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. ക്വാറന്റൈന്‍ ലംഘനങ്ങള്‍ക്ക് രണ്ടു കേസെടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 1251 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 581 പേര്‍ക്കെതിരെയും നടപടിയെടുത്തു. വെള്ളിയാഴ്ച വൈകിട്ട് വരെ ജില്ലയില്‍ ലഭിച്ച ആകെ ഇ പാസ് അപേക്ഷകള്‍ 59810 ആണ്. ഇതില്‍ 14756 എണ്ണം അനുവദിച്ചു. 44910 അപേക്ഷകളും നിരസിച്ചു. പരിഗണനയിലുള്ളത് 144 എണ്ണം മാത്രമാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *