ഡോ. എം. എസ്. സുനിലിന്റെ 206-ാമത് സ്നേഹഭവനം വിധവയായ സരിതയ്ക്കും കുടുംബത്തിനും
സാമൂഹിക പ്രവർത്തകഡോ.എം. എസ്.സുനിൽ ഭവനരഹിതരായ ആലംബഹീനർക്ക് പണിതു നൽകുന്ന 206 -ാമത് സ്നേഹ ഭവനം സുഹൃത്തായ ഷെറിയുടെ സഹായത്താൽ പറക്കോട് വലിയവിള തെക്കേതിൽ വിധവയായ സരിതയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
വർഷങ്ങളായി വീടില്ലാത്ത അവസ്ഥയിൽ ടാർപോളിൻ കൊണ്ടുള്ള ഒരു ചെറിയ കുടിലിലായിരുന്നു സരിത തന്റെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളോടും, പ്രായമായ അച്ഛനോടും അമ്മയോടും കൂടി താമസിച്ചിരുന്നത്. രോഗംമൂലം ബുദ്ധിമുട്ടിയിരുന്ന സരിത ജോലിക്കു പോകാൻ പറ്റാതെ നിത്യ വൃത്തിക്കും കുട്ടികളുടെ പഠനത്തിനുമായി ബുദ്ധിമുട്ടിലായിരുന്നു.
പറക്കോട് കനാലിനു അടുത്തായി കണ്ടത്തിൽ വാങ്ങിയ സ്ഥലത്ത് സുരക്ഷിതമല്ലാത്ത രീതിയിൽ പെൺകുട്ടികളുമായി കഴിയുകയായിരുന്ന ഇവരുടെ അവസ്ഥ നേരത്തെ ടീച്ചർ വീടുവെച്ചു നൽകിയ സുമി ആണ് ടീച്ചറിനെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇവരുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ രണ്ട് മുറികളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 750 sq. ft. വലുപ്പമുള്ള വീട് പണിതു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ലിജി ഷാജി, ഷീജ, കെ.പി. ജയലാൽ, ഉണ്ണികൃഷ്ണൻ നായർ, ശ്രീലത. കെ. എന്നിവർ പ്രസംഗിച്ചു.