പത്തനംതിട്ടയില്‍ 45 വയസിന് മുകളിലുള്ള
ഭിന്നശേഷിക്കാര്‍ക്ക് വാക്‌സിനേഷന്‍ നാളെ ( ജൂണ്‍ 15)
പത്തനംതിട്ട ജില്ലയിലെ 45 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ (ജൂണ്‍ 15 ചൊവ്വ) നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ തീരുമാനം അറിയിച്ചത്.
ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്തണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ താഴത്തെ നിലയിലായിരിക്കണം സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടത്. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന് എത്തുന്നവരെ ഏകോപിപ്പിക്കുന്നതിനായി അതത് പഞ്ചായത്തിലെ ആശാ വര്‍ക്കര്‍മാരുടെ സഹായം ഉണ്ടാകും. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഡ്, പഞ്ചായത്ത് എന്നിങ്ങനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും യോഗം തീരുമാനിച്ചു. 18 മുതല്‍ 44 വരെയുള്ള ഭിന്നശേഷിക്കാര്‍ക്കായി മറ്റൊരു ദിവസം വാക്‌സിനേഷന്‍ സജീകരിക്കും. പ്രമാടം ഗ്രാമപഞ്ചായത്തില്‍ കോളനികള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം വര്‍ധിച്ചു വരുന്നത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതു മൂലമാണെന്നും അവ നിയന്ത്രിക്കുന്നതിനായി പോലീസിന്റെ ഇടപെടല്‍ ഉണ്ടാകുന്നതിനും യോഗം നിര്‍ദേശിച്ചു.
റാന്നി – കൊല്ലമുളയില്‍ മുന്‍പുണ്ടായ ഉരുള്‍പ്പൊട്ടലിലെ പാറകള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ യോഗം നിര്‍ദേശിച്ചു. 15 കുടുംബങ്ങളിലെ 45 പേരെ ബാധിക്കുന്ന ഈ പാറകള്‍ ഉടന്‍ പൊട്ടിച്ച് മാറ്റാന്‍ ബന്ധപ്പെട്ട വകുപ്പിന് യോഗത്തില്‍ നിര്‍ദേശം നല്‍കി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ഡിഡിപി എസ്.ശ്രീകുമാര്‍, വനിതാ ശിശു വികസന ഓഫീസര്‍ തസ്‌നീം, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.രശ്മി, വാക്‌സിനേഷന്‍ സെക്കന്‍ഡ് നോഡല്‍ ഓഫീസര്‍ ഡോ.ഗണേഷ്, പിഡബ്ല്യൂഡി റോഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, സോയില്‍ കണ്‍സര്‍വേറ്റീവ് ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.