കൊല്ലത്തെ വിസ്മയയുടെ മരണം: ഭർത്താവ് കിരണിന് സസ്‌പെൻഷൻ
കൊല്ലത്തെ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കേസിലകപ്പെട്ട ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കൊല്ലം എൻഫോഴ്‌സ്‌മെന്റിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്നു കിരൺ. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. വിസ്മയയെ ഭർത്താവ് കിരണിന്റെ മാതാവും മർദിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു. കിരണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കിരണിനെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലാണ് വിസ്മയയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം പലതവണ സ്ത്രീധനത്തെ ചൊല്ലി വഴക്കുനടന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. ഭർതൃവീട്ടിൽ വച്ച് മർദനമേറ്റതിന്റെ ചിത്രങ്ങളും ഇത് സൂചിപ്പിക്കുന്ന മെസേജുകളും വീട്ടുകാർക്ക് വിസ്മയ അയച്ചുകൊടുത്തിരുന്നു. സംഭവം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.