ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ പാലിക്കണം: പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

 

ശനി, ഞായര്‍ ദിവസങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുള്ളതിനാല്‍ ജനങ്ങള്‍ അവ പൂര്‍ണമായും പാലിക്കണമെന്നും ലംഘനങ്ങളുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. നിയമനടപടി ഉറപ്പാക്കാന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പോലീസ് പരിശോധന കര്‍ശനമാക്കി. മെഡിക്കല്‍ സേവനങ്ങള്‍, അവശ്യ സര്‍വീസുകള്‍ എന്നിവ ഒഴികെ പ്രവര്‍ത്താനുമതിയില്ല. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കും. പക്ഷെ ഹോം ഡെലിവറി നടത്താന്‍ മാത്രമാണ് അനുമതി. എന്നാല്‍ ഇത് പ്രായോഗികമല്ലാത്ത സാഹചര്യമുണ്ടായാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ ദിവസങ്ങളില്‍ പാഴ്സല്‍ സര്‍വീസ് നടത്താം. പാഴ്സലിനായി എത്തുന്നവര്‍ സത്യപ്രസ്താവന കരുതണം. ബേക്കറികള്‍, ഭക്ഷ്യ വസ്തുക്കള്‍, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പാല്‍, മത്സ്യം, മാംസം കള്ളുഷാപ്പുകള്‍ മുതലായവ വില്‍ക്കുന്ന കടകള്‍ക്ക് ഏഴു മുതല്‍ ഏഴു വരെ പ്രവര്‍ത്തിക്കാം.

വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ നടത്താം, യാത്രാരേഖകള്‍ കാണിച്ചാല്‍ മതി. രോഗികളുടെ കൂട്ടിരിപ്പുകാര്‍, വാക്സിന്‍ എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ക്കും യാത്രാരേഖകള്‍ കാണിച്ച് യാത്ര ചെയ്യാം. കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് ജില്ലയില്‍ റിപ്പോര്‍ട്ടായ സാഹചര്യത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തണം.

പുതിയ വകഭേദം കണ്ടെത്തിയ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആണ്. അവിടുത്തെ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തികള്‍ അടച്ച് പോലീസിന്റെ സാന്നിധ്യം മുഴുവന്‍ സമയവും ഉറപ്പാക്കി. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളും പാലിക്കുന്നത് ഉറപ്പാക്കിയിട്ടുണ്ട്. ടിപിആര്‍ അനുസരിച്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന കാര്യവും ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസമായി ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 196 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 162 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആറ് കടകള്‍ക്കെതിരെ നടപടിയെടുത്തു. 343 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 777 പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 394 ആളുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *