ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍

ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍

സംസ്ഥാന പോലീസ് മേധാവിയുടെ കഴിഞ്ഞ വര്‍ഷത്തെ ബാഡ്ജ് ഓഫ് ഓണര്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി ഉള്‍പ്പെടെ ജില്ലയില്‍ നിന്നും മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്. ക്രമസമാധാന രംഗത്തെ മികവാര്‍ന്ന പ്രകടനത്തിനും, മൊത്തത്തിലെ പ്രവര്‍ത്തന മികവിനുമാണ് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിക്ക് ബഹുമതി.

ക്രമസമാധാന രംഗത്ത് കാഴ്ചവച്ച മികച്ച സര്‍വീസ് റെക്കോര്‍ഡ് ജില്ലാ പോലീസ് മേധാവിയെ ഉന്നത ബഹുമതിക്ക് അര്‍ഹയാക്കിയപ്പോള്‍, കരുവാറ്റ സര്‍വീസ് സഹകരണബാങ്കിലെ മോഷണ കേസിന്റെ മികവാര്‍ന്ന അന്വേഷണം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അഡീഷണല്‍ എസ്പി സ്ഥാനത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവ എന്‍. രാജനെ ഇരട്ട ബഹുമതിക്ക് അര്‍ഹനാക്കി. ഇത് ജില്ലാ പോലീസിന് എടുത്തുപറയത്തക്ക നേട്ടമായി മാറുകയാണ്. ജില്ലാ പോലീസ് മേധാവിയ്ക്കും, അഡീഷണല്‍ എസ്പിക്കും ഡിജിപിയുടെ ഉന്നത ബഹുമതി ഒരേസമയം ലഭിച്ചു എന്ന അപൂര്‍വനേട്ടത്തില്‍ അഭിമാനിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ പോലീസ് സമൂഹം.

കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ കണ്ടെത്തുന്നതില്‍ കാട്ടിയ അന്വേഷണ മികവിന് അന്നത്തെ കടയ്ക്കല്‍ പോലീസ് ഇന്‍സ്പെക്ടറും, ഇപ്പോള്‍ ഇലവുംതിട്ട എസ്എച്ച്ഒയുമായ എം. രാജേഷിന് ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു. സാഹസികമായും തന്ത്രപരമായും നടത്തിയ നീക്കങ്ങളിലൂടെ കേസിലെ പ്രതിയെ കുടുക്കാന്‍ സാധിച്ചതാണ് രാജേഷിനെ ബഹുമതിക്ക് അര്‍ഹനാക്കിയത്.

അഡീഷണല്‍ എസ്പിയ്ക്ക് ഇരട്ടബഹുമതി, ജില്ലാപോലീസിന് ഇരട്ടിമധുരം
ജില്ലയുടെ അഡീഷണല്‍ എസ്പി എന്‍. രാജന് ലഭിച്ച ഇരട്ട ബഹുമതി പത്തനംതിട്ട ജില്ലാ പോലീസിന് ഇരട്ടിമധുരമാണ് സമ്മാനിച്ചിരിക്കുന്നത്. കരുവാറ്റ സര്‍വീസ് സഹകരണബാങ്കിന്റെ ഷട്ടര്‍ 2020 ല്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് അകത്തുകടന്ന് മോഷ്ടാക്കള്‍ സ്വര്‍ണാഭരണങ്ങളും പണവും അപഹരിച്ചതിന് ഹരിപ്പാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന് മികച്ചനിലയില്‍ നേതൃത്വം നല്‍കുകയും, കുറ്റമറ്റ രീതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതിന് ആലപ്പുഴ അഡീഷണല്‍ എസ്പി എന്ന നിലയ്ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍. കൂടാതെ, ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ അഡീഷണല്‍ എസ്പി സ്ഥാനത്ത് പ്രവര്‍ത്തിച്ച് മികച്ച ഭരണപാടവം കാഴ്ചവച്ചതിന് മറ്റൊരു ബാഡ്ജ് ഓഫ് ഓണറും നേടിയതോടെ അപൂര്‍വ നേട്ടത്തിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് എന്‍. രാജന്‍.

ഓണാവധിക്കാലത്ത് അടച്ചിട്ടിരുന്ന ബാങ്കിന്റെ ഷട്ടര്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന നാലര കിലോ സ്വര്‍ണവും, അഞ്ചു ലക്ഷം രൂപയും കവര്‍ന്നെടുത്ത കേസിന്റെ അന്വേഷണത്തിലെ മികച്ച പ്രകടനമാണ് എന്‍. രാജനെയും സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരെയും ഡിജിപിയുടെ കഴിഞ്ഞവര്‍ഷത്തെ ഉന്നത ബഹുമതിയ്ക്ക് അര്‍ഹരാക്കിയത്. മികവാര്‍ന്ന അന്വേഷത്തിനൊടുവില്‍ അന്യൂനമായ തരത്തില്‍ ഈ കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചു എന്നത് എടുത്തുപറയത്തക്ക നേട്ടമായി. 137 സാക്ഷികളുടെ മൊഴികള്‍ ഉള്‍പ്പെടുത്തിയും, 74 രേഖകള്‍ ഉള്‍ക്കൊള്ളിച്ചും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത് പഴുതടച്ച അന്വേഷണത്തിനൊടുവിലാണ്.

ഈവര്‍ഷം ഫെബ്രുവരി 27 ന് ജില്ലാ പോലീസ് അഡീഷണല്‍ എസ്പിയായി ചുമതലയേറ്റ എന്‍. രാജന്‍ ജില്ലാ പോലീസിന്റെ ഭരണ നിര്‍വഹണ രംഗത്ത് ശ്രദ്ധേയമായ നേതൃത്വം നല്‍കിവരികയാണ്. കോവിഡ് കാലത്ത് ജില്ലാ പോലീസില്‍ ഏര്‍പ്പെടുത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളും മറ്റും അദ്ദേഹത്തെ ഇരട്ട ബഹുമതിക്ക് അര്‍ഹനാക്കുകയായിരുന്നു. ഇത് ജില്ലാ പോലീസിനെ സംബന്ധിച്ച് ഇരട്ടിമധുരമായി മാറിയിരിക്കുകയാണ്. 2018 ല്‍ വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും, 2020 ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും നേടി ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് രാജന്‍.

Leave a Reply

Your email address will not be published. Required fields are marked *