തിരുവാഭരണപാതയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഈ മാസം 15 നകം ഒഴിപ്പിക്കണം
ഈ മാസം പതിനഞ്ചിനകം തിരുവാഭരണപാതയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ നടപടികള്‍ അതത് ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. തിരുവാഭരണപാതയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതു സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്.
ഐരൂര്‍ പഞ്ചായത്തില്‍ 20 കേസുകളാണുള്ളത്. അവയില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കണം. ചെറുകോല്‍ പഞ്ചായത്തില്‍ 16 കേസുകളാണുള്ളത്. അവയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിച്ച സ്ഥലങ്ങളില്‍ നില്‍ക്കുന്ന ആദായ വൃക്ഷങ്ങള്‍ പഞ്ചായത്തിനു ലേലം ചെയ്യാം. വൃത്തിയാക്കേണ്ട സ്ഥലങ്ങള്‍ ഗ്രാമപഞ്ചായത്ത് വൃത്തിയാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
റാന്നിയിലെ 35 കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തിരുവല്ല ആര്‍ഡിഒ യുടെ മേല്‍നോട്ടത്തില്‍ സ്വീകരിക്കണം. ഒഴിപ്പിക്കാന്‍ സാധിക്കാത്തവരുടെ കാരണവും റിപ്പോര്‍ട്ട് ചെയ്യണം. വടശ്ശേരിക്കര പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 44 കേസുകളും ഉടന്‍ ഒഴിപ്പിക്കണം. ആവശ്യം വന്നാല്‍ പോലീസ് സഹായവും തേടാം. റാന്നി പെരുനാട്ടില്‍ അഞ്ച് കേസുകള്‍ ഉണ്ട്. അവയുടെ സ്ഥലം കണ്ടെത്തുന്ന നടപടികള്‍ നടന്നുവരികയാണ്.
കോഴഞ്ചേരി താലൂക്ക് പരിധിയിലെ കോഴഞ്ചേരി വില്ലേജില്‍ 38, കുളനട 148, മെഴുവേലി 10, കിടങ്ങന്നൂര്‍ 28, ആറന്മുള 38, മല്ലപ്പുഴശ്ശേരി 47 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 15ന് മുന്‍പ് ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
എഡിഎം അലക്‌സ്പി തോമസ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍.ഷൈന്‍, ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.