ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാപോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. ടിപിആര്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളോടെയുള്ള ലോക്ക് ഡൗണ്‍ ആണ് ഈ ദിവസങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ശനിയും ഞായറും സ്വകാര്യ ബസ് സര്‍വീസ് ഇല്ല. ടിപിആര്‍ കുറവുള്ള സ്ഥലങ്ങളില്‍ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥന ആകാം. ഇവിടെ 15 പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ടിപിആര്‍ 18 ന് മുകളില്‍ വരുന്ന ഡി വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ച് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളാണുള്ളത്. ഇവ ആളുകള്‍ പൂര്‍ണമായും പാലിക്കണം. ലംഘനങ്ങളുണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകും. ഈ ദിവസങ്ങളില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി മാത്രം. ഇത് പ്രായോഗികമല്ലാത്ത സാഹചര്യമുണ്ടായാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാര്‍സല്‍ സര്‍വീസ് നടത്താവുന്നതാണ്. പാര്‍സല്‍ വാങ്ങാനെത്തുന്നവര്‍ സത്യപ്രസ്താവന കരുതണം.
ബേക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവടങ്ങളിലേക്കും തിരിച്ചും യാത്രാരേഖകള്‍ കാണിച്ച് യാത്രചെയ്യാം. രോഗികളുടെ കൂട്ടിരിപ്പുകാര്‍, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ക്കും യാത്രാരേഖകള്‍ കാണിച്ച് യാത്രചെയ്യാം.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരുന്ന കടപ്ര ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ കനത്ത ജാഗ്രതയും കര്‍ശന നിയന്ത്രങ്ങളും നിലനില്‍ക്കുകയാണ്. ഇവിടങ്ങളില്‍ പോലീസ് പരിശോധന ശക്തമായി തുടരും. അതിര്‍ത്തികളടച്ച് പോലീസ് സാന്നിധ്യം മുഴുവന്‍ സമയവും ഉറപ്പാക്കി, കന്റൈന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും പോലീസ് നിരീക്ഷണം ശക്തമാക്കിയെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് ഇന്നലെ ജില്ലയില്‍ 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 38 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 251 പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 110 ആളുകള്‍ക്കെതിരെയും നടപടിയെടുത്തു. 128 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.