കോവിഡ് കാലഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണജനങ്ങൾക്ക് സഹായകരമാകും വിധം സഹകരണ സ്ഥാപനങ്ങളിൽ നിന്നും സഹകാരികൾ എടുത്തിട്ടുള്ള വായ്പകൾക്ക് സംസ്ഥാന സർക്കാർ പലിശ സബ് സിഡി അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര സഹകരണ ദിനത്തിൽ കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന വൺ ടൈം സെറ്റിൽമെന്റ് വഴി സംഘങ്ങൾക്കുണ്ടാ കുന്ന സാമ്പത്തിക ബാധ്യത സർക്കാർ നൽകുകയും കർഷകർക്ക് പലിശരഹിത വായ്പകൾ നൽകി കാർഷിക മേഖലയിൽ ആവശ്യമായ പണം ലഭ്യമാക്കുന്നതിന് സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കണം. കാർഷിക മേഖലയിൽ ഇതുവഴി ഉത്പാദനം വർദ്ധിക്കുകയും വിപണന മേഖല സജീവമാകുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
കോവിഡ് കാലഘട്ടത്തിൽ ഗ്രാമീണ മേഖലയിലെ ജനവിഭാഗങ്ങൾക്ക് സഹകരണ സ്ഥാപനങ്ങൾ നൽകിവരുന്ന സഹായങ്ങൾ ആശ്വാസകരമാണ്. ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന സഹകരണ ജീവനക്കാർ ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്നും സാധാരണ ജനവിഭാഗത്തിന് കൈത്താങ്ങായി നില കൊള്ളാൻ നേരായ ദിശയിലുള്ള സംഘടനാ പ്രവർത്തനം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ വഴി നടത്തപ്പെട്ട വെബിനാറിൽ ആയിരത്തോളം സഹകരണ ജീവനക്കാരും നിരവധി സഹകാരികളും പങ്കെടുത്തു.
തിരുവനന്തപുരം ഐ.സി. എം.ആർ. സീനിയർ ഫാക്കൽറ്റി ഡോ.സക്കീർ ഹുസൈൻ വിഷയം അവതരിപ്പിച്ച് മുഖ്യ പ്രഭാഷണം നടത്തി. കെ..സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഇ.ഡി. സാബു , എൻ. സുബാഷ് കുമാർ, കെ.രാധ, എന്നിവർ വെബിനാറിന്റെ കോ- ഓഡിനേറ്റർമാരായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പിള്ളി സ്വാഗതവും, ട്രഷറാർ പി.കെ. വിനയകുമാർ നന്ദിയും പറഞ്ഞു.