കോന്നി ആനത്താവളത്തിലെ കുട്ടിയാനകളുടെ മരണം : സമര പരിപാടികള്‍ക്ക് സ്പാരോ നേച്ചർ നേതൃത്വം നല്‍കും
കോന്നി എക്കോ ടൂറിസം കേന്ദ്രത്തോട് അനുബന്ധിച്ചുള്ള ആനത്താവളത്തിലെ കുട്ടിയാനകള്‍ ഉള്‍പ്പെടെ ഉള്ള ആനകളുടെ മരണങ്ങളെ സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണം എന്ന് സ്പാരൊ നേച്ചർ കൺസർവേഷൻ ഫോറം ആവശ്യം ഉന്നയിച്ചു .
ആനത്താവളത്തിലെ ആനകളെ നോക്കുന്ന നിലവിലെ ഡോക്ടറെ മാറ്റി പരിചയ സമ്പന്നനായ ഒരു ഡോക്ടറെ നിയമിക്കണം എന്നും ആവശ്യം ഉയര്‍ന്നു . നിരവധി കുട്ടിയാനകള്‍ കോന്നി ആനത്താവളത്തില്‍ ചരിഞ്ഞിരുന്നു .കോന്നി ആനത്താവളത്തിൽ ഏഴ് മാസത്തിനിടെ ചരിഞ്ഞത് മൂന്ന് ആനകളായിരുന്നു .മണികണ്ഠൻ( ജൂനിയര്‍ സുരേന്ദ്രന്‍), പിഞ്ചു, മണിയന്‍ (75) എന്നിവയാണ് അടുത്തടുത്ത് ചരിഞ്ഞത് . എലിഫന്റ് എന്‍ഡോപീനിയോ ട്രോപിക് ഹെര്‍പിസ് വൈറസ് ബാധിച്ച് കോന്നി ആനത്താവളത്തില്‍ ആനകള്‍ ചരിയുന്നത് എന്നാണ് വനം വകുപ്പ് പറയുന്നത് .ആന്തരിക രക്ത സ്രാവം എങ്ങനെ ഉണ്ടാകുന്നു എന്നുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും കോന്നി ആനത്താവളത്തില്‍ ആനകളില്‍ ഈ രോഗം എങ്ങനെ പിടിപെടുന്നു എന്ന് കണ്ടെത്താനും പ്രതിവിധി ചെയ്യാനും വനം വകുപ്പിന് കഴിഞ്ഞിട്ടില്ല .
കെട്ടിയിടുന്ന ആനകള്‍ക്ക് ആയൂര്‍വേദവും അലോപ്പറ്റിയും ചികില്‍സയാണ് വേണ്ടത് . ഒരു ദിവസം 250 കിലോ നാര് ഭക്ഷണം മുതിര്‍ന്ന ആനകള്‍ക്ക് ആവശ്യമാണ് . കോന്നി ആനത്താവളത്തില്‍ ഒരു ആനയ്ക്ക് ദിനവും എത്ര കിലോ നാര് ഭക്ഷണം കിട്ടുന്നു എന്ന് പോലും വനം വകുപ്പിന് അറിയില്ല . കണക്കില്‍ കൃത്യം ആണെങ്കിലും ആനകള്‍ പട്ടിണിയിലാണ് .
പച്ച പനയോല പച്ച തെങ്ങോല പച്ചില എന്നിവയില്‍ ആണ് നാര് കൂടുതല്‍ ഉള്ളത് . ഇത്തരം പച്ചിലകള്‍ കോന്നി ആനത്താവളത്തിലെ ആനകള്‍ക്ക് കൃത്യമായി ലഭിക്കുന്നില്ല എന്നാണ് പരാതി . വേവിച്ച ചോറും മറ്റും സ്ഥിരമായി ആനകള്‍ക്ക് നല്‍കിയാല്‍ മറ്റ് അസുഖവും ഉണ്ടാകും .
കുട്ടിയാനകള്‍ക്ക് തേങ്ങാ പാല്‍ കൃത്രിമ ഭക്ഷണത്തോട് ഒപ്പം കൊടുത്താല്‍ തീര്‍ച്ചയായും വയറിന് കമ്പനം ഉണ്ടാകും . പാല്‍ക്കായവും ഇഞ്ചിനീരും ചേര്‍ത്തുള്ള പാനീയം കുട്ടിയാനകള്‍ക്ക് കൊടുത്താല്‍ ഒരു പരിധി വരെ വയറിലെ അസുഖം കുറയ്ക്കാന്‍ സാധിയ്ക്കും . കൃത്രിമ ഭക്ഷണം സ്ഥിരമായി കോന്നി ആനത്താവളത്തിലെ കുട്ടിയാനകള്‍ക്ക് കൊടുക്കുന്നതായി നേരത്തെ തന്നെ പല ഭാഗത്ത് നിന്നും പരാതി ഉണ്ട് . കാട്ടിലെ സ്വാഭാവിക അന്തരീക്ഷത്തില്‍ ജനിച്ച ആനകള്‍ക്ക് ആന പന്തിയിലെ ശീലങ്ങള്‍ ശാരീരിക ക്ഷീണം ഉണ്ടാക്കും .
1976 മുതല്‍ ആനപ്പിടിത്തം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു എങ്കിലും കോന്നി ആനത്താവളത്തില്‍ പിന്നീടും ആനകളെ എത്തിച്ചിരുന്നു . കോന്നി ആനത്താവളത്തിലെ ആനകളെ കാട്ടിലേക്ക് തന്നെ സ്വതന്ത്രമാക്കണം എന്നാണ് ആവശ്യം .ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് വനം വനം വകുപ്പ് മന്ത്രിയ്ക്കും വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ക്കും സ്പാരൊ നേച്ചർ കൺസർവേഷൻ ഫോറം പരാതി നല്‍കിയതായി സെക്രട്ടറി ചിറ്റാര്‍ ആനന്ദന്‍ പറഞ്ഞു
ആനത്താവളത്തിലെ കുട്ടിയാനകള്‍ ഉള്‍പ്പെടെ ഉള്ള ആനകളുടെ മരണങ്ങളെ സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ആനപ്രേമികളുടെ കൂട്ടായ്മ രൂപീകരിച്ചു കൊണ്ട് സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് “ആന കാഴ്ചയുടെ കാണാപുറങ്ങള്‍”എന്ന പുസ്തകത്തിന്‍റെ രചയിതാവും മുന്‍ വനം വകുപ്പ് ജീവനകാരനും സ്പാരൊ നേച്ചർ കൺസർവേഷൻ ഫോറം സെക്രട്ടറിയുമായ ചിറ്റാർ ആനന്ദൻ പറഞ്ഞു .
ബന്ധപ്പെടേണ്ട നമ്പർ- 9447142182 (ചിറ്റാർ ആനന്ദൻ)