പത്തനംതിട്ട മാര്‍ക്കറ്റിന്റെ നിര്‍മാണം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും:
മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട മാര്‍ക്കറ്റ് സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവിലാണു പദ്ധതി പൂര്‍ത്തിയാകുക. 5000 ചതുരശ്ര അടി വിസ്തൃതിയിലാണു മാര്‍ക്കറ്റ് കെട്ടിടം നിര്‍മിക്കുന്നത്. ഇതില്‍ ആറു മാംസ സ്റ്റാളുകളും 36 മത്സ്യ സ്റ്റാളുകളും ഉണ്ടാകും. ഏഴ് അടി വീതിയിലുള്ള നടവരാന്തയും ഒരേസമയം 100 പേര്‍ക്ക് മത്സ്യം വാങ്ങാനുള്ള സൗകര്യവും ഉണ്ടാകും.
മാര്‍ക്കറ്റില്‍ നിലനിന്നിരുന്ന കെട്ടിടം പൊളിക്കുന്നതിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തോളം നിര്‍മാണ പ്രവര്‍ത്തനം വൈകിയിരുന്നു. ഒരു വര്‍ഷം പിന്നിട്ടതിനാല്‍ ആദ്യ കരാറുകാരന്‍ പ്രവര്‍ത്തനം ഉപേക്ഷിച്ചു. രണ്ടാമത് ടെന്‍ഡര്‍ ക്ഷണിച്ചാണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ധാരാളം പേര്‍ ആശ്രയിക്കുന്ന മാര്‍ക്കറ്റാണിത്. മത്സ്യവ്യാപാരികള്‍ക്കും സ്ത്രീകള്‍ക്കും ഉള്ള റസ്റ്റ് റൂമുകള്‍ ഉള്‍പ്പടെയാണു പുതിയ മാര്‍ക്കറ്റിന്റെ നിര്‍മാണം. സമയബന്ധിതമായിത്തന്നെ പ്രവര്‍ത്തനം മുന്‍പോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.