പത്തനംതിട്ട ജിഎച്ചിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

പത്തനംതിട്ട ജിഎച്ചിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

പത്തനംതിട്ട ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് എട്ട് ആശുപത്രികളില്‍ നിര്‍മിക്കുന്ന ഓക്‌സിജന്‍ പ്ലാന്റുകളിലെ ആദ്യ പ്ലാന്റ് ഞായറാഴ്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തി.

പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സി.എസ്.ആര്‍ ഫണ്ട്(സാമൂഹിക പ്രതിബദ്ധതാ ഫണ്ട്) ഉപയോഗിച്ചുള്ള രണ്ട് പ്ലാന്റുകളാണ് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. 1500 ലിറ്റര്‍ ഓക്‌സിജന്‍ ഒരേ സമയം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റാണ് നിര്‍മിക്കുന്നത്. വലിയ പ്ളാന്റില്‍ നിന്നും ഒരു മിനിറ്റില്‍ 1000 ലിറ്ററും, ചെറിയ പ്ലാന്റില്‍ നിന്നും ഒരു മിനിറ്റില്‍ 500 ലിറ്റര്‍ ഓക്സിജനുമാണ് ഉത്പാദിപ്പിക്കുക. ആദ്യ ഘട്ടത്തില്‍, അഞ്ഞൂറ് ലിറ്റര്‍ ഓക്‌സിജന്‍ നിര്‍മാണ ശേഷിയുള്ള ടാങ്കാണ് ആശുപത്രിയില്‍ എത്തിയിരിക്കുന്നത്.
ഓപ്പറേഷന്‍ തീയറ്റര്‍, കാഷ്വാലിറ്റി, ഐസിയു, കോവിഡ് വാര്‍ഡുകള്‍ തുടങ്ങി 150 ഓളം ഓക്‌സിജന്‍ ആവശ്യമായ പോര്‍ട്ടുകള്‍ ആശുപത്രിയിലുണ്ട്. മുന്‍പ് വലിയ സിലിണ്ടറില്‍ ഓക്‌സിജന്‍ നിറച്ചായിരുന്നു ഇവിടേക്ക് എത്തിച്ചിരുന്നത്.

ഓക്‌സിജന്‍ ക്ഷാമത്തിന് ശാശ്വത പരിഹാരമായാണ് പ്ലാന്റിന്റെ നിര്‍മാണം. പ്ലാന്റില്‍ നിന്ന് എല്ലാ സ്ഥലങ്ങളിലേയും പോര്‍ട്ടുകളിലേക്ക് നേരിട്ട് ഓക്‌സിജന്‍ എത്തിക്കാം എന്ന സവിശേഷതയുണ്ട്. സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ജില്ലയില്‍ നിര്‍മിക്കുന്ന ഓക്സിജന്‍ പ്ലാന്റുകളില്‍ ആദ്യത്തെ പ്ലാന്റ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്.
മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, എച്ച്എംസി അംഗങ്ങളായ എം.ജെ. രവി, പി.കെ. ജേക്കബ്, ജയപ്രകാശ്, ഷാഹുല്‍ ഹമീദ്, റെനീസ് മുഹമ്മദ്, അന്‍സാരി അസീസ്, ബിജു മുസ്തഫ, സുമേഷ് ഐശ്വര്യ, നൗഷാദ് കണ്ണംങ്കര, ആശുപത്രി ആര്‍എംഒ ഡോ. ആശിഷ് മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *