സിക്ക രോഗബാധ തടയാന്‍ കൊതുക്
നിയന്ത്രണം ശക്തിപ്പെടുത്തുക
സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധ തടയാന്‍ പത്തനംതിട്ട ജില്ലയില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാമെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. സിക്ക വൈറസ് ബാധയ്ക്കെതിരെ വാക്സിനേഷനോ പ്രത്യേക ചികിത്സയോ ഇല്ലാത്തതിനാല്‍ രോഗപ്രതിരോധവും രോഗം പടരാതിരിക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കലുമാണു പ്രധാനം. ഡെങ്കിപനിയും ചിക്കുന്‍ഗുനിയയും പോലെ ഈഡിസ് കൊതുകുകള്‍ പരത്തുന്ന മറ്റൊരു പകര്‍ച്ച വ്യാധിയാണ് സിക്ക.
രോഗപകര്‍ച്ച എങ്ങനെ
രോഗാണു ബാധിച്ച ഈഡിസ് കൊതുകുകള്‍ മനുഷരെ കടിക്കുന്നതു വഴിയാണു രോഗം പകരുന്നത്. രോഗബാധിതരായ വ്യക്തികളില്‍ നിന്നും രക്തം സ്വീകരിക്കുന്നതു വഴിയോ ലൈംഗിക ബന്ധത്തിലൂടെയോ പകരാനും സാധ്യതയുണ്ട്.
രോഗലക്ഷണങ്ങള്‍ എന്തൊക്കെ
പനി, തലവേദന, സന്ധിവേദന, ശരീരവേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയപാടുകള്‍, ശരീരത്തില്‍ തിണര്‍പ്പ്, കണ്ണ്ചുവക്കല്‍ തുടങ്ങിയവയാണു സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ഈ രോഗം ബാധിച്ച
ഗര്‍ഭിണികള്‍ക്കു പിറക്കുന്ന നവജാത ശിശുക്കളുടെ തല ചെറുതാകുവാനും (മൈക്രോസിഫലി) സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ക്കും നാഡീസംബന്ധമായ പ്രശ്നങ്ങളുണ്ടാകും.
പ്രതിരോധം എങ്ങനെ ചെയ്യാം
കൊതുക് കടിയില്‍ നിന്നും രക്ഷ നേടുകയാണു പ്രധാന പ്രതിരോധ മാര്‍ഗം. കൊതുകുകള്‍ കടിക്കാതിരിക്കാനുളള വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
കൂടാതെ കൊതുകുകളുടെ ഉറവിട നശീകരണം രോഗ പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ്. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാനുളള സാഹചര്യം ഇല്ലാതാക്കണം. ചിരട്ട, പ്ലാസ്റ്റിക്ക് കവറുകള്‍, പാത്രങ്ങള്‍, ചെടിച്ചട്ടികള്‍, ടയര്‍, കമുകിന്‍പാള, റെഫ്രിജറേറ്ററിന്റെ ട്രേ കൂളറിന്റെ ഉള്‍വശം തുടങ്ങിയവയില്‍ വെളളം കെട്ടി കിടക്കാതെ നോക്കണം.
വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളില്‍ (ഇന്‍ഡോര്‍ പ്ലാന്റ്സ്) ഈഡിസ് കൊതുകുകള്‍ വളരാനുളള സാധ്യത വളരെ കൂടുതലാണ്. ആഴ്ചയിലൊരിക്കല്‍ ഇത്തരം ചെടികളുടെ ചെടിച്ചട്ടികളുടെ അടിയിലെ പാത്രങ്ങളില്‍ കെട്ടി കിടക്കുന്ന വെളളം ഒഴിവാക്കണം.
എല്ലാ ഞായറാഴ്ചയും ഉറവിട നശീകരണത്തിനായി ഡ്രൈഡേ ആചരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തരുത്. സിക്ക വൈറസിനെ പോലെ ഡെങ്കി പനിയും ശ്രദ്ധിക്കണം. ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും ഈഡിസ് കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്.
ജില്ലയില്‍ വെക്ടര്‍ ഇന്‍ഡെക്സ് (കൊതുക് സാന്ദ്രത ) കൂടുതലുള്ള സ്ഥലങ്ങള്‍
പത്തനംതിട്ട നഗരസഭ വാര്‍ഡ് 23, 22, 7, പന്തളം നഗരസഭ വാര്‍ഡ് 19, 5, തിരുവല്ല നഗരസഭ വാര്‍ഡ് 31, അരുവപ്പുലം പഞ്ചായത്ത് വാര്‍ഡ് 3, ചിറ്റാര്‍ പഞ്ചായത്ത് വാര്‍ഡ് 5, പളളിക്കല്‍ പഞ്ചായത്ത് വാര്‍ഡ് 14, മൈലപ്ര പഞ്ചായത്ത് വാര്‍ഡ് 8, പന്തളം തെക്കേക്കര പഞ്ചായത്ത് വാര്‍ഡ് 12, 3, 2.
കൂടാതെ കൂറ്റൂര്‍, ചാത്തങ്കരി, വെച്ചൂച്ചിറ, ഇലന്തൂര്‍ എന്നിവിടങ്ങളില്‍ ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെയും സിക്ക വൈറസ് രോഗബാധയ്ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ അടുത്തുളള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.