കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശനം
*നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമ ഷൂട്ടിംഗ് അനുവദിക്കും
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു നൽകാൻ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിശേഷദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശനം അനുവദിക്കും. എണ്ണം പാലിക്കാൻ ആരാധനാലയങ്ങളുടെ ചുമതലപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവർക്കാകണം പ്രവേശനം.
ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്കു വിധേയമായി തിങ്കളാഴ്ച കടകൾ തുറക്കാൻ അനുമതി നൽകാൻ തീരുമാനിച്ചു. സീരിയൽ ഷൂട്ടിംഗ് അനുവദിച്ചതു പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർക്കശമായ നിയന്ത്രണങ്ങൾക്കു വിധേയമായി സിനിമ ഷൂട്ടിങ്ങും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും കാറ്റഗറി എ, ബി പ്രദേശങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാൻ അനുവദിക്കും. എ, ബി വിഭാഗങ്ങളിൽ പെടുന്ന പ്രദേശങ്ങളിൽ മറ്റു കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടിപാർലറുകളും ബാർബർഷോപ്പോകളും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത സ്റ്റാഫുകളെ ഉൾപ്പെടുത്തി ഹെയർ സ്‌റ്റൈലിംഗിനായി തുറക്കാൻ അനുവദിക്കും.
എഞ്ചിനിയറിങ്ങ്-പോളി ടെക്‌നിക്ക് കോളേജുകളിൽ സെമസ്റ്റർ പരീക്ഷ ആരംഭിച്ചതിനാൽ ഹോസ്റ്റലുകളിൽ താമസിക്കാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.