റാന്നി മണ്ഡലത്തിലെ അടിച്ചിപ്പുഴ ആദിവാസി കോളനി നിവാസികള്‍ക്ക് ഇനി ഭക്ഷ്യോത്പന്നങ്ങള്‍ വീട്ടുപടിക്കല്‍. സഞ്ചരിക്കുന്ന മൊബൈല്‍ റേഷന്‍ കടയുടെ ഉദ്ഘാടനം നാളെ (19/ 07/2021 ) വൈകിട്ട് നാലിന് അടിച്ചിപ്പുഴ സാംസ്‌കാരിക നിലയത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.
ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ അടിച്ചിപ്പുഴയില്‍ റേഷന്‍ കട ഇല്ല എന്ന കാര്യം എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്നാണ് ഇവിടേക്ക് സഞ്ചരിക്കുന്ന റേഷന്‍കട അനുവദിച്ചത്.
സിവില്‍ സപ്ലൈസ് വകുപ്പും വനം വകുപ്പുമായി സഹകരിച്ചാണ് സഞ്ചരിക്കുന്ന റേഷന്‍ കട അടിച്ചിപുഴയില്‍ യാഥാര്‍ഥ്യമാക്കിയത്. അഞ്ഞൂറിലധികം പാവപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. റേഷന്‍ കടയ്ക്ക് വേണ്ടി ആവശ്യമായ വാഹനം വനം വകുപ്പാണ് തയാറാക്കി നല്‍കിയിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ എംഎല്‍എ അധ്യക്ഷനാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.