വനം സംരക്ഷണ സമിതികളെ ശാക്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നതായി വനം, വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. റാന്നി വനം ഡിവിഷന്റെ പരിധിയില്‍ പുതിയതായി നിര്‍മിക്കുന്ന രാജാംപാറ മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്‍ ശിലാസ്ഥാപന ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രധാന വഴിയോരങ്ങളില്‍ വനശ്രീ ഇക്കോഷോപ്പ് ആരംഭിക്കുന്നതിലൂടെ അതത് മേഖലയിലെ വന സംരക്ഷണ സമിതികളെ ശാക്തീകരിക്കാനാകും. പ്രധാനപ്പെട്ട ചെക്ക് പോസ്റ്റുകളിലും അന്തര്‍സംസ്ഥാന അതിര്‍ത്തികളിലും വഴിയോരങ്ങളിലും വനശ്രീ, വനശ്രീ ഇക്കോഷോപ്പ് തുടങ്ങിയ ഇടങ്ങളിലും വനസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള നോളജ് സെന്റര്‍ മറ്റ് അനുബന്ധ സൗകര്യം ഉള്‍പ്പെടുത്തി സംയോജിത തലത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 15 ഫോറസ്റ്റ് സ്റ്റേഷനുകളും 14 ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റുകളുടേയും നിര്‍മാണ ഉദ്ഘാടനവുമാണ് നടന്നത്. സംസ്ഥാനത്ത് 124 ഫോറസ്റ്റ് സ്റ്റേഷനുകളാണുള്ളത്. പല ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്കും അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കേണ്ടതായുണ്ട്. അടിസ്ഥാന സൗകര്യ വൈഷമ്യം നേരിടുന്ന 15 ഫോറസ്റ്റ് സ്റ്റേഷനുകളുടെ നവീകരണത്തിനായി നബാര്‍ഡ് 11,27,0000 ( പതിനൊന്ന് കോടി ഇരുപത്തിഏഴ് ലക്ഷം രൂപ) ചിലവഴിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സംസ്ഥാനത്ത് 14 സംയോജിത ഫോറസ്റ്റ് ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിന് പദ്ധതി നടപ്പാക്കിവരുന്നതായും മന്ത്രി പറഞ്ഞു.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ശിലാഫലക അനാച്ഛാദനവും എംഎല്‍എ നിര്‍വഹിച്ചു. വനം, വന്യജീവി സംരക്ഷണം നാടിന്റെ ഉത്തരവാദിത്വമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തദ്ദേശീയരുടെ സഹായത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും എംഎല്‍എ പറഞ്ഞു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.വി. ഹരികൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.