കോവിഡ്; ഓണം സുരക്ഷിതമാക്കാന്‍ ഇപ്പോഴെ കരുതുക: ഡി.എം.ഒ

കോവിഡ്; ഓണം സുരക്ഷിതമാക്കാന്‍ ഇപ്പോഴെ കരുതുക: ഡി.എം.ഒ

ഈ വര്‍ഷത്തെ ഓണക്കാലം കോവിഡ് വിമുക്തവും സന്തോഷകരവുമാക്കാന്‍ ഇപ്പോള്‍ മുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ പറഞ്ഞു. ഓരോ ജീവിത സാഹചര്യങ്ങളിലും ശ്രദ്ധയോടെ ഇടപെട്ടാല്‍ കോവിഡ് വ്യാപനം തടയാന്‍ നമുക്ക് കഴിക്കും. ഇതിനായി കോവിഡിനെ പ്രതിരോധിക്കുന്നതിന് അനുയോജ്യമായ ഒരു ജീവിതശൈലി ഓരോരുത്തരുടേയും സ്വഭാവത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്.

വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ മുന്‍കൂട്ടി ലിസ്റ്റ് തയ്യാറാക്കി ഒരാള്‍ മാത്രം പോകുക. നേരിട്ടുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കി ഓണ്‍ലൈന്‍ ഷോപ്പിംഗും പണമിടപാടുകളും നടത്തുക. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. രണ്ട് മാസ് ക്കുകള്‍ ചേര്‍ത്ത് ധരിക്കുകയോ അല്ലാത്ത പക്ഷം എന്‍ 95 മാസ്‌ക് ധരിക്കുകയോ വേണം.

കൈകള്‍ കൂടെകൂടെ സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് അണു വിമുക്തമാക്കുക. എല്ലായ്പോഴും രണ്ടു മീറ്റര്‍ ശാരീരിക അകലം പാലിക്കുക. അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കുക. ചെറിയ വായു സഞ്ചാരമില്ലാത്ത, ആളുകള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുക. വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് മതപരമായ ചടങ്ങുകള്‍, മറ്റ് പൊതു പരിപാടികള്‍ എന്നിവയ്ക്ക് അനുവദനീയമായ എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ.

രോഗലക്ഷണങ്ങളുളളവരും രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരും പരിശോധനയ്ക്ക് വിധേയരാകണം. ഇവര്‍ റൂം ഐസൊലേഷനില്‍ കഴിയുകയും വേണം. അല്ലാത്ത പക്ഷം ഇവരില്‍ നിന്നും വീട്ടിലുളള എല്ലാവരിലും രോഗം ബാധിക്കുന്നതിന് സാധ്യതയുണ്ട്. ലഭ്യമാകുന്ന മുറയ്ക്ക് തിരക്കു കൂടാതെ വാക്സിന്‍ സ്വീകരിക്കുക.
രോഗപ്രതിരോധത്തിനുതകുന്ന ജീവിതശൈലി എല്ലാവരും പാലിക്കുകയാണെങ്കില്‍ ഓണത്തിനു മുന്‍പായി ജില്ലയില്‍ രോഗ വ്യാപനം തടയാന്‍ കഴിയുമെന്ന് ഡി.എം.ഒ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *